‘പൗരപ്രമുഖര്‍’ ആകുന്നതിന് യോഗ്യതാ മാനദണ്ഡം എന്താണെന്ന് ചോദിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭ്യമല്ലെന്ന് മറുപടി

'പൗരപ്രമുഖര്‍' ആകുന്നതിന് യോഗ്യതാ മാനദണ്ഡം എന്താണെന്ന് ചോദിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ലഭ്യമല്ലെന്ന് മറുപടി
alternatetext

കൊല്ലം: പൗരപ്രമുഖര്‍ ആകുന്നതിന് യോഗ്യതാ മാനദണ്ഡം എന്താണെന്ന് ചോദിച്ചുള്ള വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി സര്‍ക്കാര്‍. വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ ചീഫ് സെക്രട്ടറിയുടെ കാര്യാലയത്തില്‍ സൂക്ഷിക്കപ്പെടുന്ന രേഖകളില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റ് അണ്ടര്‍ സെക്രട്ടറി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്.

അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ള പൗരപ്രമുഖര്‍ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, പൗരപ്രമുഖര്‍ ആകുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുക എന്നീ ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 2 (എഫ് )ല്‍ നിര്‍വചിച്ചിട്ടുള്ള വിവരം എന്നതിന്റെ പരിധിയില്‍ വരുന്നതല്ലെന്നും മറുപടിയില്‍ അറിയിക്കുന്നു.

കൊല്ലം കുമ്മിള്‍ ഗ്രാമപഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഷമീറാണ് പൗരപ്രമുഖന്‍ ആകാനുള്ള യോഗ്യത എന്താണെന്ന് ചോദിച്ച്‌ കഴിഞ്ഞ മാസം 18 ന് ചീഫ് സെക്രട്ടറിക്ക് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലായിരുന്നു ഷമീറിന്റെ വിവരാവകാശ അപേക്ഷ.ഈവിവരങ്ങൾ കാണിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.ഫേസ്ബുക് ന്റെ പൂർണ രുപം

കേരളം മുഴുവന്‍ ചര്‍ച്ചയായ വിവരാവകാശത്തിന് മറുപടി ലഭിച്ചതായി ഷമീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആവശ്യപ്പെട്ട വിവരങ്ങള്‍ ചീഫ്‌സെക്രട്ടറിയുടെ ഓഫീസില്‍ ലഭ്യമല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്ക് ഒപ്പം ഭക്ഷണം കഴിക്കാനും സൊറ പറയാനും വിളിക്കുന്ന ഈ പ്രമുഖര്‍ ആരാണ് എന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് പോലും അറിയാന്‍ വയ്യാത്ത പിടിപ്പുകേട് ആണ് കേരളത്തില്‍ നടക്കുന്നതെന്ന് ഷമീര്‍ ആരോപിച്ചു.

ചീഫ് സെക്രട്ടറിക്ക് അറിയാന്‍ വയ്യാത്ത വിവരം ആണെങ്കില്‍ വിവരം അറിയാവുന്ന ഓഫീസില്‍ നിന്ന് വിവരം ലഭ്യമാക്കണം എന്ന് വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 6(3) പറയുന്നുണ്ട്. അതും ചീഫ് സെക്രട്ടറിക്ക് അറിയില്ലെന്ന് ആണോ. വിവരം എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ സ്വന്തം പൊതുഭരണ വകുപ്പ് ഇറക്കിയ 23-09-2023ലെ 152/2023/GAD, 27102023ലെ 4887/2023/GAD ഉത്തരവ് നവകേരള ബസ് യാത്രയുമായി ബന്ധപ്പെട്ട് ഓരോ സ്ഥലത്തും 250ല്‍ കുറയാത്ത പ്രമുഖരെ പങ്കെടുപ്പിക്കണം എന്ന് പറഞ്ഞിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് സര്‍ക്കാര്‍ മറുപടി പറയണം.

കേരളത്തില്‍ പ്രമുഖരും സാധാരണക്കാരും എന്ന് രണ്ട് തട്ടില്‍ ജനങ്ങളെ വേര്‍തിരിച്ചു വിവേചനം കാണിക്കുകയാണ് ഈ സര്‍ക്കാര്‍. പ്രമുഖരെ കൈ ചേര്‍ത്ത് പിടിക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ കേള്‍ക്കുന്നില്ല. മറുപടി തൃപ്തികരം അല്ലാത്തതിനാല്‍ തന്നെ അപ്പീലുമായി മുന്നോട്ട് പോകുമെന്നും ഷമീര്‍ വ്യക്തമാക്കുന്നു.