കാസർകോട്: ജന്മി കുടിയായ്മയായി കിട്ടിയ ഭൂമിക്ക് പട്ടയം ശരിയാക്കി നല്‍കാൻ കൈക്കൂലി വാങ്ങിയ റവന്യൂവകുപ്പ് ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി വിജിലൻസ്. അഡൂർ വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാറഡുക്ക കർമന്തോടി സ്വദേശി കെ.നാരായണനെ(47)യാണ് വിജിലൻസ് ഡിവൈ.എസ്.പി. വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പരാതിക്കാരനില്‍നിന്ന് ലഭിച്ച് കാറില്‍ സൂക്ഷിച്ച 20,000 രൂപയടക്കമാണ് ഇയാള്‍ പിടിയിലായത്. ആദൂർ ആലന്തടുക്കയിലെ പി. രമേശനാണ് പരാതിക്കാരൻ.
ഇയാളുടെ കുടുംബവീടും കുടുംബക്ഷേത്രവും അഡൂർ വില്ലേജിലെ പാണ്ടിവയലിലാണ്. അവിടെ അദ്ദേഹത്തിന്റെ അമ്മയുടെ ഇളയമ്മയുടെ മകളാണ് താമസം. ജന്മികുടിയാന്മയായി കിട്ടിയ 54 സെന്റില്‍ 100 വർഷത്തിലേറെയായി താമസിച്ച് വരുന്നെങ്കിലും പട്ടയമായിരുന്നില്ല. തുടർന്ന് 2023 സെപ്റ്റംബർ 16-ന് കാസർകോട് ലാൻഡ് ട്രിബ്യൂണലില്‍ അപേക്ഷ നല്‍കി. തുടർന്ന് സുമോട്ടോ പ്രൊപ്പോസല്‍ (എസ്.എം. പ്രൊപ്പോസല്‍) തയ്യാറാക്കാൻ വില്ലേജ് ഓഫീസിലേക്ക് അയച്ച അപേക്ഷയിന്മേലാണ് നാരായണൻ കൈക്കൂലി ആവശ്യപ്പെട്ടത്.
അതിനിടയില്‍ കാസർകോട് താലൂക്ക് ഓഫീസിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലേക്ക് സ്ഥലംമാറ്റപ്പെട്ട നാരായണൻ ശനിയാഴ്ചയാണ് കൈക്കൂലിപ്പണവുമായി രമേശനോട് വരാൻ ആവശ്യപ്പെട്ടത്. തുടർന്ന് താലൂക്ക് ഓഫീസിലെത്തിയ പരാതിക്കാരനെയും കൂട്ടി നാരായണൻ തന്റെ കാറില്‍ കളക്ടറേറ്റിലെ ലാൻഡ് ട്രിബ്യൂണല്‍ ഓഫീസില്‍ പോയി തിരിച്ചുവരവെ താലൂക്ക് ഓഫീസിന് സമീപത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്കുശേഷം ഇയാളെ തലശ്ശേരി വിജിലൻസ് കോടതിയില്‍ ഹാജരാക്കി.
ഇൻസ്പെക്ടർ പി. നാരായണൻ, പൈവളിഗെ കൃഷി ഓഫീസർ സി.എസ്. അജിത്ലാല്‍, ജി.എച്ച്.എസ്.എസ്. ചെർക്കളയിലെ പ്രിൻസിപ്പല്‍ ടി.വി. വിനോദ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ഈശ്വരൻ നമ്ബൂതിരി, കെ. രാധാകൃഷ്ണൻ, പി.വി. സതീശൻ, വി.എം. മധുസൂദനൻ, അസി. സബ് ഇൻസ്പെക്ടർ വി.ടി. സുഭാഷ് ചന്ദ്രൻ, സീനിയർ സിവില്‍ പോലിസ് ഓഫീസർമാരായ വി. രാജീവൻ, പി.വി. സന്തോഷ്, കെ.വി. ജയൻ, കെ.ബി. ബിജു, വി.എം. പ്രദീപ്, കെ.വി. ഷീബ, കെ. പ്രമോദ് കുമാർ, ടി. കൃഷ്ണൻ, എ.വി. രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.