പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു
alternatetext

കോട്ടയം: തെള്ളകത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 ലക്ഷത്തോളം രൂപ വിലവരുന്ന 40 പവൻ സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചു. ശനിയാഴ്ച പകല്‍ പഴയാറ്റ് ജേക്കബ് എബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജേക്കബ്, ഭാര്യ ലില്ലിക്കുട്ടി, മരുമകള്‍ അലീന എന്നിവര്‍ രാവിലെ പത്തിന് പുറത്തേക്ക് പോയിരുന്നു. രാത്രി എട്ടിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

അലമാരയ്ക്കുള്ളിലെ ലോക്കര്‍ കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സ്വര്‍ണാഭരണങ്ങള്‍ ഒപ്പം ഇമിറ്റേഷൻ ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ കൃത്യമായി തരംതിരിച്ച്‌ വീട്ടില്‍ത്തന്നെ ഉപേക്ഷിച്ചു. അഞ്ച് മാസം മുമ്ബായിരുന്നു ജേക്കബിന്‍റെ മകൻ അബിയുടെ വിവാഹം നടന്നത്. ഈ ചടങ്ങിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ട്ടാക്കള്‍ കവര്‍ന്നത്.

ജേക്കബും ഭാര്യയും ഓസ്ട്രേലിയയില്‍ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിനാല്‍ ഇവരുടെ സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞദിവസം ലോക്കറില്‍ നിന്ന് എടുത്ത് മറ്റൊരു ലോക്കറിലേക്ക് മാറ്റാനായി വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയും കവര്‍ച്ച ചെയ്യപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു