പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ അറസ്റ്റിൽ

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ അറസ്റ്റിൽ
alternatetext

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പാലമേല്‍ പണയില്‍ നാരായണശേരില്‍ രഘു (49) വിനെ നൂറനാട്‌ സി.ഐ ഷൈജു ഇബ്രാഹിമും സംഘവും അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ പോക്‌സോ കേസിലും പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ മാസം 20 ന്‌ ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്നും ബൈക്കില്‍ കടത്തിക്കൊണ്ടുപോയിരുന്നു.

രഘുവിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഇയാള്‍ അഞ്ചല്‍ ഭാഗത്ത്‌ മുന്‍പ്‌ മറ്റൊരു സ്‌ത്രീയോടൊപ്പം കഴിഞ്ഞിരുന്നതായും അവിടെ റബര്‍ ടാപ്പിങ്‌ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നതായും വിവരംകിട്ടി. തുടര്‍ന്ന്‌ കൊല്ലം – തിരുവനന്തപുരം അതിര്‍ത്തിയിലെ മലയോര പ്രദേശങ്ങളിലും റബര്‍ പ്ലാന്റേഷനുകളിലും തിരച്ചില്‍ ആരംഭിച്ചു. തുടര്‍ച്ചയായി 15 ദിവസത്തോളം ഇവിടം കേന്ദ്രീകരിച്ച്‌ വിവിധ സംഘങ്ങളായി തിരിഞ്ഞ്‌ നടത്തിയ അന്വേഷണത്തില്‍ 8 ന്‌ രാവിലെ അഞ്ചല്‍ മാവിളഭാഗത്ത്‌ വച്ച്‌ രഘു പോലീസ്‌ വലയിലായി.

ചെങ്ങാലിക്കോണം ഭാഗത്ത്‌ ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും പോലീസ്‌ കണ്ടെത്തി. ബൈക്കില്‍ കയറ്റി അടൂര്‍ വരെ പോയി തിരിച്ചുവരാം എന്ന വ്യാജേന കൊണ്ടുപോകുകയും കൂടെവന്നില്ലെങ്കില്‍ വണ്ടി ഇടിപ്പിച്ച്‌ കൊന്നുകളയും എന്ന്‌ ഭീഷണി മുഴക്കുകയും ചെയ്‌തതായി പോലീസ്‌ പറഞ്ഞു. ഇയാള്‍ സ്‌ഥിരം ഭീഷണിപ്പെടുത്തി മൃഗീയമായി പീഡിപ്പിച്ച വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി.

നൂറനാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ജില്ലാ പോലീസ്‌ മേധാവി ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ്‌ ന്റെ നിര്‍ദ്ദേശ പ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി കെ.എന്‍ രാജേഷ്‌ – നൂറനാട്‌ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ഷൈജു ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം.