വൈക്കം: പതിനഞ്ചുകാരി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ വിമുക്തഭടനും, ജോത്സ്യനുമായ വൈക്കം ടിവി.പുരം സ്വദേശി സുദര്‍ശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെണ്‍കുട്ടിയെ 2022 നവംബര്‍ മുതല്‍ ഇയാള്‍ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോയും, വീഡിയോയും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ഉൾപ്പെടെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയതോടെ മാനസികമായി തകര്‍ന്ന പെൺകുട്ടി പിന്നീട് കൂട്ടുകാരികളോട് പങ്കു വച്ച് വിവരം, അവരാണ് ക്ലാസ് ടീച്ചറിനോടു പറയുന്നത്. തുടർന്ന് സ്കൂള്‍ അധികൃതർ വൈക്കം പൊലീസിലും, പട്ടികജാതി വകുപ്പിലും വിവരം അറിയിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും, കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തുകയും ചെയ്തു.
വിവരം അറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തുകയും, പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായത്.