പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
alternatetext

കൊല്ലം: കുണ്ടറയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കേരളപുരം നവക്കൈരളി നഗർ സൗത്ത് ടെയില്‍ വീട്ടില്‍ കുണ്ടറ മുക്കട മുഗള്‍ ഹോട്ടല്‍ ഉടമയും മുസ്ലിം യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സാജൻ ഹിലാല്‍ മുഹമ്മദിന്റെ മകൻ എം.എസ്. അർഫാൻ (15) ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് സംഭവം. ഫുട്ബോള്‍ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് പുറത്തുപോയ പന്തെടുക്കാൻ സമീപത്തെ വൈദ്യുതിത്തൂണിലൂടെ പറമ്ബിലേക്ക് ഇറങ്ങുന്നതിനിടെ ആഘാതമേല്‍ക്കുകയായിരുന്നു. തെരുവുവിളക്ക് കത്തിക്കുന്നതിനായി വൈദ്യുതിത്തൂണില്‍ ഒരാള്‍പൊക്കത്തില്‍ ഘടിപ്പിച്ച കമ്ബിയില്‍നിന്ന് വൈദ്യുതാഘാതമേറ്റതാകാം എന്നാണ് പ്രാഥമിക നിഗമനം.

സമീപവാസിയും സുഹൃത്തുക്കളും ചേർന്ന് കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കേരളപുരം സെൻവിൻസന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് എം.എസ്. അർഫാൻ. അമ്മ ഹാംലത്ത്. സഹോദരങ്ങള്‍ ആസിഫ, ആഫിറ. ഖബറടക്കം വെള്ളിയാഴ്ച.