പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം
alternatetext

കൊല്ലം : പത്തനാപുരത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭര്‍ത്താവ് ഗണേഷ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.

ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി. ഒൻപത് മാസങ്ങള്‍ക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. പ്രശ്നങ്ങള്‍ കൊണ്ട് മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു രേവതി. രണ്ടുദിവസങ്ങള്‍ക്ക് മുൻപ് ഭാര്യയെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞ് ഗണേഷ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തുകയായിരുന്നു. മുടിയില്‍ പിടിച്ച്‌ രേവതിയെ റോഡിന്റെ വശത്തേക്ക് വലിച്ചിഴക്കുകയും ചെയ്തു. വീണ്ടും ആക്രമിക്കാൻ ശ്രമിക്കവേ ഓട്ടോയിലെത്തി നാട്ടുകാരിലൊരാള്‍ ഗണേഷിനെ തടയുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തി കൈകള്‍ രണ്ടും കെട്ടിയിട്ട ശേഷം പോലീസില്‍ ഏൽപ്പിച്ചു.

ഇയാളെ പത്തനാപുരം പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രേവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രേവതിയുടെ നില ഗുരുതരമാണ്.