തെരഞ്ഞെടുപ്പിലെ പാഠം; അഗ്നിപഥ് പദ്ധതി തിരുത്തിയെഴുതാൻ കേന്ദ്രം

തെരഞ്ഞെടുപ്പിലെ പാഠം; അഗ്നിപഥ് പദ്ധതി തിരുത്തിയെഴുതാൻ കേന്ദ്രം
alternatetext

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ കൈപൊള്ളിയതിന് പിന്നാലെ അഗ്നിപഥ് പദ്ധതി തിരുത്തിയെഴുതാൻ കേന്ദ്രസർക്കാർ. സൈന്യത്തില്‍ സ്ഥിരപ്പെടുത്തുന്ന ആളുകളുടെ എണ്ണത്തില്‍ വർധന വരുത്തുന്നതും ശമ്ബളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്തുന്നതുമടക്കം കാര്യങ്ങള്‍ സർക്കാർ സജീവമായി പരിഗണിക്കുന്നുവെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നഷ്ടമായതിന് പിന്നില്‍ അഗ്നിപഥിനെതിരായ പ്രതിഷേധമുണ്ടെന്ന് പാർട്ടി കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു.

മൂന്നാം മോദി സർക്കാറിനെ താങ്ങിനിർത്തുന്ന ജെ.ഡി.യു ഉള്‍പ്പെടെയുള്ള കക്ഷികളും പദ്ധതിയില്‍ മാറ്റങ്ങള്‍ക്കായി സമ്മർദം ശക്തമാക്കിയിരുന്നു. അഗ്നിവീറുകളായി റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 25 ശതമാനം പേരെ മാത്രമാണ് സൈന്യത്തില്‍ സ്ഥിരമാക്കുന്നത്. എന്നാല്‍ നാലു വർഷത്തിന് ശേഷം സേനയില്‍ ആവശ്യമായ അംഗബലം നിലനിർത്താൻ ഇത് അമ്ബത് ശതമാനമായി ഉയർത്തേണ്ടതുണ്ടെന്ന് കരസേന ശിപാർശ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച്‌ വിവിധ യൂനിറ്റുകളടക്കം തലങ്ങളില്‍ അഭിപ്രായശേഖരണവും സർവേയും നടത്തി വിവരങ്ങള്‍ ഉള്‍പ്പെടുത്തി കരസേന പ്രതിരോധ മന്ത്രാലയത്തിന് നിർദേശങ്ങള്‍ സമർപ്പിച്ചിട്ടുണ്ട്. ശിപാർശകള്‍ നിലവില്‍ വരാൻ കാലതാമസമുണ്ടാവുമെങ്കിലും നിലവിലുള്ള അഗ്നിപഥ് പദ്ധതിയെ കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്.

സേനാംഗങ്ങള്‍ക്ക് പെൻഷനിനത്തില്‍ നല്‍കുന്ന ചെലവ് കുറക്കുന്നതടക്കം ലക്ഷ്യങ്ങളുമായി 2022ലാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. അഗ്നിവീർ എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്ത് ശതമാനം വാർഷിക വർധനയോടെയുള്ള ശമ്ബളമാണ് നല്‍കുന്നത്. നാലു വർഷത്തിന് ശേഷം ഇവരില്‍ 75 ശതമാനം പേരെയും പിരിച്ചുവിടും. പിരിയുമ്ബോള്‍ അഗ്നിവീർ കോർപസ് ഫണ്ടില്‍നിന്ന് നിശ്ചിത തുക നല്‍കും. എന്നാല്‍ സാധാരണ സൈനികർക്ക് ലഭിക്കുന്ന പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ വിരമിക്കുന്ന അഗ്നിവീറുകള്‍ക്ക് ഉണ്ടായിരിക്കില്ല.