പെരിയ ഇരട്ടക്കൊല കേസിൽ പാർട്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയിട്ടില്ല:എം.വി.ഗോവിന്ദൻ

Party leadership did not conspire in Periya double murder case: MV Govindan
alternatetext

കോട്ടയം: പെരിയ ഇരട്ടക്കൊല കേസില്‍ പാർട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഗൂഢാലോചനയിലൂടെ കൊലപാതകം നടത്തി എന്നല്ല സിബിഐയുടെ കണ്ടെത്തല്‍. ശിക്ഷിക്കപ്പെട്ട മുൻ എംഎല്‍എ കെ.വി.കുഞ്ഞിരാമന്റെ പേരിലുള്ള കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തി എന്നാണ്. യഥാർഥത്തില്‍ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്.

ഈ വിധി അവസാന വാക്കല്ലെന്നും ഉയർന്ന കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പഞ്ഞു. സിപിഎമ്മിനെ രാഷ്ട്രീയ ലക്ഷ്യത്തോടെ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച സിബിഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പൊലീസ് കണ്ടെത്തിയതാണ് സിബിഐയും കണ്ടെത്തിയിരിക്കുന്നത്. പൊലീസ് കണ്ടെത്തിയതിന് അപ്പുറം സിബിഐ ഒന്നും കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ ഉദ്ദേശ്യം വച്ച്‌ പാർട്ടിക്കാരെയും നേതാക്കളെയും സിബിഐ കേസില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ വധക്കേസില്‍ ഭാഗമാക്കാൻ കഴിഞ്ഞില്ല. അതിനു വേറെ ചില വകുപ്പുകള്‍ സിബിഐ ഉപയോഗിച്ചു.

പെരിയ കൊലക്കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാർക്കെതിരെ അന്നു തന്നെ പാർട്ടി നടപടിയെടുത്തതായും എം.വി.ഗോവിന്ദൻ പറ‍ഞ്ഞു.