സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്നവർക്ക് ഇഇനിയും കർശന നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കൂ. പരോള്‍ കാലത്ത് കുറ്റകൃത്യങ്ങളിലുള്‍പ്പെടില്ലെന്ന് കുടുംബാംഗം എഴുതി നല്‍കണം, തുടരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് ഏർപ്പെടുത്തിയത്. പരോളിലിറങ്ങിയ പലരും വീണ്ടും കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നത് കൂടിയതോടെ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബാണ് നിയന്ത്രണം കൊണ്ടുവരാൻ ജയില്‍ വകുപ്പിനോട് നിർദേശിച്ചത്.
അടുത്തിടെ തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ കൊലക്കേസ് പ്രതി മോഹനൻ ഉണ്ണിത്താൻ പരോളിലിറങ്ങി സഹോദരനെ തലക്കടിച്ചുകൊന്നതിന്റെ പശ്ചാത്തലത്തില്‍ പരോള്‍ വ്യവസ്ഥ കർശനമാക്കി ജയില്‍ ഡി.ജി.പി എം.കെ. വിനോദ് കുമാറാണ് ഉത്തരവിറക്കിയത്. പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുമ്ബോള്‍ ജയില്‍ ചട്ടം 403 (2), 406 (1), (2) എന്നിവ പ്രകാരമുള്ള ജാമ്യ ബോണ്ട് നടപ്പാക്കിയെന്ന് ജയില്‍ സൂപ്രണ്ടുമാർ ഉറപ്പാക്കണം. തടവുകാരന്റെ പെരുമാറ്റം, സഞ്ചാരം, സാമൂഹിക ഇടപെടല്‍ എന്നിവ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പാക്കുമെന്നും കൃത്യസമയത്ത് തിരികെ ജയിലിലെത്തിക്കുമെന്നും പരോള്‍ ലഭിച്ചയാളെ ഏറ്റെടുക്കാനെത്തുന്ന കുടുംബാംഗം എഴുതി നല്‍കണം.
പരോള്‍ അനുവദിക്കുമ്ബോള്‍ തന്നെ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ജയില്‍ സൂപ്രണ്ട് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറെ അറിയിക്കും. ഇദ്ദേഹത്തിന്റെ അനുമതിയില്ലാതെ പ്രതി സ്റ്റേഷൻ പരിധി വിട്ടുപോകരുത്. പരോള്‍ ലഭിക്കുന്നയാള്‍ അന്നോ അടുത്ത ദിവസമോ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരോള്‍ ഉത്തരവ് സാക്ഷ്യപ്പെടുത്തുകയും ഇടവേളകളില്‍ സ്റ്റേഷനില്‍ ഹാജരാവുകയും അതുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകള്‍ പിന്നീട് ജയിലില്‍ തിരിച്ചെത്തുമ്ബോള്‍ സൂപ്രണ്ടിന് കൈമാറുകയും വേണം. ഇത് ഡിജിറ്റല്‍ രേഖയാക്കി സൂപ്രണ്ട് ബന്ധപ്പെട്ട ഫയലില്‍ സൂക്ഷിക്കും.
പരോള്‍ കാലയളവില്‍ പ്രതിയുടെ ദുർനടപ്പ് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ ജയില്‍ സൂപ്രണ്ട് ജില്ല പൊലീസ് മേധാവിയെ വിവരമറിയിച്ച് ബന്ധപ്പെട്ടയാളെ ഉടൻ തിരികെ ജയിലിലെത്തിക്കണം. പ്രതികളുടെ ജയിലിലെ പെരുമാറ്റ രീതിയടക്കം പരിശോധിച്ച് ആവശ്യമായ കൂടുതല്‍ കർശനവ്യവസ്ഥ സൂപ്രണ്ടുമാർക്ക് ഉള്‍പ്പെടുത്താനും ജയില്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.