ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിനു തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ നേടിയ വൻവിജയത്തിന്‍റെ പശ്ചാത്തലത്തില്‍ “മൂന്നാമതും മോദി സര്‍ക്കാര്‍” (തീസ്രി ബാര്‍ മോദി സര്‍ക്കാര്‍, ബാര്‍ ബാര്‍ മോദി സര്‍ക്കാര്‍) എന്ന മുദ്രാവാക്യം വിളികളോടെയാണു ഭരണപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാര്‍ലമെന്‍റിനുള്ളിലേക്കു വരവേറ്റത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്യാൻ ശിപാര്‍ശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നലെ പാര്‍ലമെന്‍റില്‍ വച്ചില്ല. റിപ്പോര്‍ട്ട് ഇന്നു ലോക്സഭയില്‍ സമര്‍പ്പിച്ചേക്കുമെന്നാണു സൂചന. സസ്പെൻഷനിലായിരുന്ന ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദ ഇന്നലെ രാജ്യസഭയില്‍ സുപ്രീംകോടതിക്കും സഭാമേധാവികള്‍ക്കും നന്ദി പറഞ്ഞു.
ഛദ്ദയെ തിരിച്ചെടുക്കാനുള്ള പ്രമേയം രാജ്യസഭ ശബ്‌ദവോട്ടിലൂടെ പാസാക്കി. കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ വര്‍ഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിഡൂരിക്കെതിരേ നടപടി ആവശ്യപ്പെട്ടു പ്ലക്കാര്‍ഡ് ഉയര്‍ത്തിയ ബിഎസ്പി എംപി ഡാനിഷ് അലിയെ സ്പീക്കര്‍ ഓം ബിര്‍ല താക്കീത് ചെയ്തതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തി. ഇതോടെ രാവിലെ 11ന് സമ്മേളിച്ച ലോക്സഭ വൈകാതെ 12 വരെ പിരിഞ്ഞു. പിന്നീട് കക്ഷിനേതാക്കളുമായി സ്പീക്കറും മന്ത്രിമാരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും തടസമില്ലാതെ നടന്നു.
അഭിഭാഷകവൃത്തി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള 2023ലെ അഭിഭാഷക ഭേദഗതി ബില്ലും 2023ലെ പോസ്റ്റ് ഓഫീസ് ബില്ലും പാസാക്കിയശേഷം രാജ്യസഭയും ലോക്സഭയും ഇന്നു ചേരാനായി പിരിഞ്ഞു. രാജ്യത്തെ കോടതികളില്‍ കുറ്റവാളികളുടെ റോള്‍ ഉണ്ടാകരുതെന്ന്, വക്കീല്‍ തൊഴിലിനെ ഒരൊറ്റ നിയമത്തിലൂടെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ബില്ലിനെക്കുറിച്ചു നിയമമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍ പറഞ്ഞു.
സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം, അടിയന്തരാവസ്ഥ അല്ലെങ്കില്‍ പൊതുസുരക്ഷ എന്നിവയെ മുൻനിര്‍ത്തി ഏതെങ്കിലും ഇനം തടയാനോ തുറക്കാനോ തടങ്കലില്‍ വയ്ക്കാനോ സര്‍ക്കാരിന് അവകാശം നല്‍കുന്ന നിയമം പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.