കേന്ദ്രത്തിന്റെ 3 ബില്ലുകള്‍ ന്യൂഡല്‍ഹി: പന്ത്രണ്ടു വയസുവരെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്കും ആള്‍ക്കൂട്ട കൊലപാതകത്തിനും ഭീകരപ്രവര്‍ത്തനത്തിനും വധശിക്ഷ. കൂട്ട മാനഭംഗത്തിന് ജീവപര്യന്തം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചാല്‍ പത്തു വര്‍ഷം ജയില്‍. രാജ്യദ്രോഹത്തിന് ജീവപര്യന്തം വരെ ശിക്ഷ. 1860 മുതല്‍ രാജ്യത്ത് നിലനില്‍ക്കുന്ന ഇന്ത്യൻ ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതിക്കൊണ്ടാണ് മൂന്നു ബില്ലുകള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ലോക് സഭയില്‍ അവതരിപ്പിച്ചത് .
ബില്ലുകള്‍ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.നിയമത്തിന് ഹിന്ദിയിലുള്ള പേരുകളും നല്‍കി. പൊലീസിനെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യാൻ 120 ദിവസത്തിനകം സര്‍ക്കാര്‍ അനുമതി നല്‍കണം. ഇല്ലെങ്കില്‍ അനുമതിയായി കണക്കാക്കും. 511 വകുപ്പുകള്‍ ഉണ്ടായിരുന്ന ഐ.പി.സി 356 വകുപ്പുകളിലായി ചുരുക്കി. 175 വകുപ്പകള്‍ ഭേദഗതി ചെയ്തു. വിവിധ വകുപ്പുകളിലായിരുന്ന ഭീകരപ്രവര്‍ത്തനം, വിഘടനവാദം, ഭരണകൂടത്തിനെതിരായ സായുധ കലാപം, രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി തുടങ്ങിയ കുറ്റങ്ങള്‍ ഒറ്റ വകുപ്പിലാക്കി.
പീഡിപ്പിക്കപ്പെട്ട സ്‌ത്രീകളുടെ മൊഴിയുടെ വീഡിയോ റെക്കാഡിംഗ് നിര്‍ബന്ധം. ചതിയിലൂടെയുള്ള വിവാഹവും ലൈംഗികബന്ധവും പ്രത്യേക വകുപ്പാക്കി. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം മാനഭംഗമാവില്ല. 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി മുൻ വി.സി പ്രൊഫ. ഡോ. രണ്‍ബീര്‍ സിംഗിന്റെ നിയമ പരിഷ്കരണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് പുതിയ ബില്ലുകള്‍.