പാനൂര്‍ സ്‌ഫോടനക്കേസില്‍, രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് പോലീസ് പ്രതിയാക്കിയത്: ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ്

പാനൂര്‍ സ്‌ഫോടനക്കേസില്‍, രക്ഷാപ്രവര്‍ത്തനം നടത്തിയവരെയാണ് പോലീസ് പ്രതിയാക്കിയത്: ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ്
alternatetext

കണ്ണൂര്‍: പാനൂര്‍ മൂളിയാത്തോട്ടില്‍ നടന്ന സ്‌ഫോടനക്കേസില്‍ പൊലിസ് അന്വേഷണത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ പൊലിസ് പ്രതി ചേര്‍ത്തവര്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയവരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി വികെ സനോജ് പറഞ്ഞു. കണ്ണൂര്‍ യുത്ത് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ ഒരു അപകടമുണ്ടാവുമ്ബോള്‍ നാട്ടുകാര്‍ സംഭവ സ്ഥലത്ത് എത്തിച്ചേരുക സ്വാഭാവികമാണ്. ഇത്തരത്തില്‍ അവിടെ എത്തിയവരെയാണ് പോലീസ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പ്രതി പട്ടിക അന്തിമമല്ല പോലീസ് അന്വേഷണത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെന്നും വികെ സനോജ് പറഞ്ഞു. അക്രമ സംഭവങ്ങളെ ഒരിക്കലും ഡിവൈഎഫ്‌ഐ അംഗീകരിക്കില്ല. അത്തരത്തില്‍ ഏതെങ്കിലും ഭാരവാഹികള്‍ ബോംബ് സ്‌ഫോടന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ സംഘടന നടപടി സ്വീകരിക്കും അത്തരത്തില്‍ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്നും വി.കെ സനോജ് പറഞ്ഞു.

പോലീസ് അറസ്റ്റു ചെയ്ത അമല്‍ ബാബു യൂനിറ്റ് ജോയന്റ് സെക്രട്ടറിയാണ്. മറ്റു ചിലര്‍ക്ക് സംഘടനയുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. കണ്ണൂര്‍ ജില്ലയില്‍ ബോംബ് സ്‌ഫോടനം ആദ്യത്തെ സംഭവമൊന്നുമല്ല. ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് അക്രമം നടത്തുന്നവരെ തള്ളി പറയുന്നതാണ് ഡിവൈഎഫ്‌ഐ ശൈലിയെന്നും സനോജ് പറഞ്ഞു.

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍ നടത്തുന്ന അക്രമവിരുദ്ധ പ്രസ്താവനകളില്‍ കാര്യമൊന്നുമില്ല. ധീരജ് വധകേസിലെ പ്രതിയായ നിഖില്‍ പൈലീയെ ഇടതു ഭാഗത്ത് നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നയാളാണ് ഷാഫി പറമ്ബിലെന്നും വി.കെ സനോജ് പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടമാണ് മറ്റൊരാള്‍. സംസ്ഥാന ഭാരവാഹിയായി കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ കൊണ്ടു നടക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും സനോജ് ആരോപിച്ചു.