യുവവനിതാ ഡോക്‌ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആര്‍.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കു നേരേയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ പശ്‌ചിമബംഗാള്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്‌ടര്‍മാരുടെ സമരം നടക്കുന്നതിനിടെ കഴിഞ്ഞ 15-നാണ് ഒരുകൂട്ടം അക്രമികള്‍ ആശുപത്രി ആക്രമിച്ചത്.
ഡോക്‌ടറുടെ കൊലപാതകക്കേസ് കഴിഞ്ഞ 13-നു ചീഫ് ജസ്‌റ്റിസ് ശിവജ്‌ഞാനവും ജസ്‌റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യയുമുള്‍പ്പെട്ട ബെഞ്ച് സി.ബി.ഐക്കു കൈമാറിയിരുന്നു. ഡോക്‌ടര്‍ കൊല്ലപ്പെട്ട അത്യാഹിതവിഭാഗം മൂന്നാംനിലയിലെ സെമിനാര്‍ ഹാള്‍ നവീകരിക്കാന്‍ ഉത്തരവിട്ടതു തെളിവ് നശിപ്പിക്കാനാണെന്ന ആരോപണത്തില്‍ കോടതി സര്‍ക്കാരിനോടു വിശദീകരണം തേടി. കുറ്റകൃത്യം നടന്ന സ്‌ഥലം അതേപടി സംരക്ഷിക്കാന്‍ കഴിയാത്തതിനു സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്‌തു. ഇത്രയധികം പ്രതിഷേധം നടക്കുന്ന പശ്‌ചാത്തലത്തില്‍, കുറ്റകൃത്യം നടന്ന സ്‌ഥലം ബന്തവസ്സാക്കേണ്ടിയിരുന്നു. ഇത് സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണപരാജയമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഡോക്‌ടര്‍മാര്‍ക്കു ഭയരഹിതമായി ജോലിചെയ്യാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു.
ഏഴായിരത്തോളം പേരുള്‍പ്പെട്ട ആള്‍ക്കൂട്ടമാണ് ആശുപത്രി ആക്രമിച്ചതെന്നും തടയാന്‍ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാര്‍ക്കു പരുക്കേറ്റെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഡോക്‌ടറുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ഹൈക്കോടതി സി.ബി.ഐ. അനേ്വഷണത്തിന് ഉത്തരവിട്ടത്. അക്രമം നടന്ന കെട്ടിടത്തിലെ നവീകരണപ്രവൃത്തികള്‍ ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകരും പൊതുതാത്‌പര്യഹര്‍ജികള്‍ സമര്‍പ്പിച്ച അഭിഭാഷകരും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേസ് സി.ബി.ഐക്കു വിട്ടശേഷം കുറ്റകൃത്യസ്‌ഥലത്തു നവീകരണപ്രവൃത്തികള്‍ നടത്താന്‍ എന്തായിരുന്നു പ്രേരണയെന്നു കോടതി സര്‍ക്കാര്‍ അഭിഭാഷകരോടു ചോദിച്ചു.
കെട്ടിടം പൊളിച്ചുപണിതിട്ടില്ലെന്നും ഡോക്‌ടര്‍മാര്‍ക്കു വിശ്രമമുറി നിര്‍മിക്കുകയാണു ചെയ്‌തതെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. അതിന് എന്തായിരുന്നു തിടുക്കമെന്നു കോടതി ചോദിച്ചു. കുറ്റകൃത്യം നടന്ന സ്‌ഥലം അലങ്കോലപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന ഫോട്ടോകള്‍ സഹിതം 20-നു സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു. 21-നു കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 15-നു നടന്ന അക്രമസംഭവത്തെപ്പറ്റി പോലീസും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോലീസിനു രഹസ്യാനേ്വഷണസംവിധാനങ്ങളുണ്ട്. 7000 പേര്‍ തടിച്ചുകൂടിയെങ്കില്‍ അതേപ്പറ്റി പോലീസ് അറിഞ്ഞില്ലെന്നു വിശ്വസിക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അറസ്‌റ്റ് തടയണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനേത്തുടര്‍ന്ന് അദ്ദേഹത്തെ സി.ബി.ഐ. കസ്‌റ്റഡിയിലെടുത്തു. കഴിഞ്ഞ ഒന്‍പതിനു രാവിലെയാണു നെഞ്ചുരോഗവിഭാഗത്തിലെ സെമിനാള്‍ ഹാളില്‍ ഉറങ്ങാന്‍ കിടന്ന വനിതാ ഡോക്‌ടറെ കഴിഞ്ഞ ഒന്‍പതിനു രാവിലെയാണു ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവിക് വൊളന്റിയര്‍ സഞ്‌ജയ് റോയ് (31) പിറ്റേന്ന് അറസ്‌റ്റിലായി.