പാര്‍ലമെൻ്റിലെ കൂട്ട സസ്പെൻഷൻ; ഇൻഡ്യ മുന്നണി പ്രതിഷേധം ഇന്ന്

പാര്‍ലമെൻ്റിലെ കൂട്ട സസ്പെൻഷൻ; ഇൻഡ്യ മുന്നണി പ്രതിഷേധം ഇന്ന്
alternatetext

ഡല്‍ഹി: പാര്‍ലമെൻ്റിലെ കൂട്ട സസ്പെൻഷൻ നടപടിക്ക് എതിരെ ഇൻഡ്യ മുന്നണി പ്രതിഷേധം ഇന്ന്. ഡല്‍ഹി ജന്തര്‍ മന്തറില്‍നടക്കുന്ന പ്രതിഷേധത്തില്‍ പാര്‍ലമെന്‍റിലെ ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും. പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് ചര്‍ച്ച ചെയ്യാനാണ് ഇൻഡ്യ മുന്നണി തീരുമാനം.

14 ദിവസം നീണ്ടുനിന്ന പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇക്കാര്യമുയര്‍ത്തിയാണ് ഇൻഡ്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് ആണ് ഇന്ന് തുടക്കം കുറിക്കുന്നത്. പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടക്കുന്ന ധര്‍ണയില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഉള്ള ഇൻഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ ആവശ്യങ്ങള്‍ ശൈത്യ കാല സമ്മേളനത്തില്‍ ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചത്. സുപ്രധാന ബില്ലുകള്‍ പാസാക്കാൻ വേണ്ടി എതിര്‍ ശബ്ദങ്ങളെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താനാണ് ഇന്ത്യ മുന്നണി അംഗങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പ്രതിപക്ഷ ഐക്യ ചേരി, പാര്‍ലമെന്‍റിലെ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കം കുറിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും ഇന്ത്യ മുന്നണിയുടെ പ്രക്ഷോഭം ഇന്ന് നടക്കും. പാര്‍ലമെന്‍റ് അവസാനിച്ചെങ്കിലും ഉപരാഷ്ട്രപതി ജഗദീപ് ധൻഘഡിന് എതിരായ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുടെ മിമിക്രി പ്രകടനം രാഷ്ട്രീയ വിവാദമാക്കി നിലനിര്‍ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്.