സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങള്‍ക്കുള്ള പ്രധാന കാരണം ഡ്രൈവിംഗ് പരിശീലനത്തിന്റെ ഗുണമേന്മക്കുറവാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി ഡ്രൈവിംഗ് സ്കൂളുകളിലും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടുകളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സൂചന. ഇന്നലെ രാവിലെ മുതല്‍ സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂളുകളിലും ടെസ്റ്റ് ഗൗണ്ടുകളിലും വിജിലന്‍സ് ഒരേ സമയം പരിശോധന നടത്തിയത്.
മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയും ഡ്രൈവിംഗ് സ്കൂളുകാര് വഴി സ്വാധീനിച്ചും ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതുകൊണ്ടാണ് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്ധിക്കുന്നതെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ‘ഓപ്പറേഷന് സ്റ്റെപ്പിനി’ എന്ന പേരില്‍ സംസ്ഥാനത്തെ തെരഞ്ഞെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ 60 ഗ്രൗണ്ടുകളിലും 170 ഡ്രൈവിംഗ് സ്കൂളുകളിലുമായിരുന്നു വിജിലന്‍സ് മിന്നല്‍ പരിശോധന.
മോട്ടോര്‍ വാഹന വകുപ്പ് നിഷ്കര്‍ഷിക്കുന്ന പ്രകാരമല്ല സംസ്ഥാനത്തെ ചില ഡ്രൈവിംഗ് സ്കൂളുകാര് പരിശീലനം നല്‍കുന്നതെന്ന് കണ്ടെത്തി. ടെസ്റ്റില്‍ പരാജയപ്പെട്ടവരെയും കൈക്കൂലി വാങ്ങി ജയിപ്പിച്ചു വിടുന്നതായും വിജിലന്‍സിനു രഹസ്യവിവരം ലഭിച്ചിരുന്നു.