തിരുവനന്തപുരം∙ ‘ഓപ്പറേഷൻ ഇ-സേവ’ എന്ന പേരിൽ ഇന്നലെ രാവിലെ 11 മുതൽ സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വാൻ ക്രമക്കേട് കണ്ടെത്തി. പ്രവർത്തനം തുടങ്ങി രണ്ടു പതിറ്റാണ്ടായിട്ടും ഒരുതവണ പോലും ജില്ലാ ഉദ്യോഗസ്ഥർ പരിശോധന നടത്താത്ത അക്ഷയകേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ടെന്നു വിജിലൻസ്. അക്ഷയ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾക്കു ചില ജില്ലാ അക്ഷയകേന്ദ്രം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നും കേന്ദ്രങ്ങളിൽനിന്നു കൈക്കൂലി കൈപ്പറ്റുന്നുവെന്നും വിജിലൻസ് സംസ്ഥാന വ്യാപകമായി അക്ഷയകേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കണ്ണൂർ മുഴപ്പിലങ്ങാട് 2002ലും ഇടുക്കി വണ്ടിപ്പെരിയാറിൽ 2008ലും കോട്ടയം മണർക്കാട് 2009ലും തിരുവനന്തപുരം വട്ടപ്പാറയിൽ 2010ലും ആലപ്പുഴ കായംകുളത്തു 2013ലും ആരംഭിച്ച അക്ഷയകേന്ദ്രങ്ങളിൽ ഇതുവരെ ജില്ലാ കോ–ഓർഡിനേറ്റർ പരിശോധനയ്ക്ക് എത്തിയിട്ടില്ല. കോഴിക്കോട് എരഞ്ഞിപ്പാലത്തെ അക്ഷയകേന്ദ്രത്തിൽ നിന്നു ജില്ലാ പ്രോജക്ട് ഓഫിസർക്കും പത്തനംതിട്ട മാരാമണിലെ അക്ഷയകേന്ദ്രത്തിൽനിന്നു ജില്ലാ കോ–ഓർഡിനേറ്റർക്കും ഗൂഗിൾ പേ വഴി പണം നൽകിയതായി കണ്ടെത്തി.
അക്ഷയകേന്ദ്രം പ്രവർത്തിക്കുന്ന മുറിയിൽ മറ്റു സ്ഥാപനങ്ങൾ പാടില്ല എന്നതിനു വിരുദ്ധമായി കൊല്ലം കൊട്ടിയത്ത് കംപ്യൂട്ടർ പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു. പല അക്ഷയകേന്ദ്രങ്ങളിലും ഡിജിറ്റൽ ക്യാമറയില്ല. . ചില അക്ഷയകേന്ദ്രം നടത്തിപ്പുകാർ വില്ലേജ് ഓഫിസർമാരുടെയും സബ് റജിസ്ട്രാർമാരുടെയും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നു, സർക്കാർ അനുവദിച്ചതിന്റെ പതിൻമടങ്ങു സേവന ഫീസ് വാങ്ങുന്നു തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
പരിശോധന തുടരുമെന്നും തുടർനടപടിക്കു സർക്കാരിനു റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്കുമാർ പറഞ്ഞു. ഐജി ഹർഷിത അട്ടല്ലൂരി, എസ്പി ഇ.എസ്.ബിജുമോൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.