തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം ഉമ്മൻചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊൻവിള സ്വദേശി ഡി ഷൈജുവാണ് അറസ്റ്റിലായത്. സിഐടിയു യൂണിറ്റ് കണ്‍വീനറാണ് ഷൈജു. മദ്യപിച്ച് സ്ഥലത്ത് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപമാണ് ഇന്നലെ വൈകിട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്.
സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. സ്തൂപം തകര്‍ത്തതില്‍ ഡിവൈഎഫ്ഐയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അന്തരിച്ച പ്രമുഖരുടെ പ്രതിമകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ഹീനപ്രവൃത്തിയാണെന്നും ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.