വരുന്ന അധ്യായന വർഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം നേടണമെങ്കില്‍ കുട്ടികള്‍ക്ക് ആറു വയസ്സ് പൂർത്തിയായിരിക്കണം. അടുത്ത അധ്യയന വർഷം മുതല്‍ നിർദ്ദേശം കർശനമായി നടപ്പാക്കണം എന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി. നേരത്തെ ഈ ആശയം വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നുവെങ്കിലും 2024-25 അധ്യായന വർഷം മുതല്‍ കർശനമായി നിർദേശം നടപ്പാക്കണം എന്നാണ് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.
കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തി എങ്കില്‍ മാത്രമേ അടുത്ത അധ്യയന വർഷം മുതല്‍ പ്രവേശനം അനുവദിക്കാവൂ എന്നാണ് വിദ്യാഭ്യാസമന്ത്രാലയം നിർദ്ദേശം നല്‍കിയിട്ടുള്ളത്. ഒന്നാം ക്ലാസ് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് കുറഞ്ഞ പ്രായം ആറോ അതില്‍ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് ജോയിൻ സെക്രട്ടറിയായ അർച്ചന ശർമ നിർദ്ദേശിച്ചിട്ടുണ്ട്. ഈ പ്രായ നിബന്ധന ഫിൻലാൻഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവരുടെ വിദ്യാഭ്യാസത്തില്‍ കർശനമായി നടപ്പാക്കാറുണ്ട്.
ഒരു കുട്ടി ജനിച്ച് ആറുവയസ് പൂർത്തിയാകുമ്ബോഴേക്കും കുട്ടിയുടെ തലച്ചോറിന്റെ 90% വും വികസിക്കുന്നുവെന്ന ശാസ്ത്രീയ പഠനത്തെ കൂടി അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലൊരു നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയം നല്‍കിയിട്ടുള്ളത്. ആറു വയസ്സാകുമ്ബോഴേക്കും കുട്ടിയുടെ സാമൂഹിക- വൈകാരിക പഠനം, സംഖ്യാശാസ്ത്രം, സാക്ഷരത, കല, വൈകാരിക നിയന്ത്രണം, സമപ്രായക്കാരും ആയുള്ള ഇടപെടല്‍ എന്നിവയെല്ലാം വികസിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്.