ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി ഓണ്‍ലൈൻ അപേക്ഷാ സമര്‍പ്പണം മെയ് 16 മുതല്‍ 25 വരെ

ഒന്നാംവര്‍ഷ ഹയര്‍ സെക്കൻഡറി ഓണ്‍ലൈൻ അപേക്ഷാ സമര്‍പ്പണം മെയ് 16 മുതല്‍ 25 വരെ
alternatetext

തിരുവനന്തപുരം:ഒന്നാംവർഷ ഹയർ സെക്കൻഡറി ഓണ്‍ലൈൻ അപേക്ഷാ സമർപ്പണം മെയ് 16 വൈകീട്ട് 4 മുതല്‍ 25 വൈകിട്ട് അഞ്ച് വരെ നടക്കും. ഇതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ, എയിഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സഹായകേന്ദ്രങ്ങള്‍ ഉണ്ടാകും.

മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിനും രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 12നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 19നും നടക്കും. ജൂണ്‍ 24ന് ക്ലാസുകള്‍ ആരംഭിക്കും. അതേസമയം പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നടക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികള്‍ക്കും സീറ്റ് ഉറപ്പാക്കും എന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നേരത്തെ അനുവദിച്ചിരുന്ന സീറ്റുകള്‍ 53,236 ആണ്. ഇതില്‍ 22,600 സീറ്റുകള്‍ സർക്കാർ മേഖലയിലും 19,350 സീറ്റുകള്‍ എയിഡഡ് മേഖലയിലും 11,286 സീറ്റുകള്‍ അണ്‍ എയിഡഡ് മേഖലയിലും ആണ് ഉള്ളത്. അഡീഷണല്‍ ബാച്ച്‌ അനുവദിക്കുക വഴി ലഭ്യമാക്കിയ സീറ്റുകള്‍ 6,105 ആണ്.

ഇതില്‍ സർക്കാർ മേഖലയിലെ 4545 സീറ്റുകളും എയ്ഡഡ് മേഖലയിലെ 1560 സീറ്റുകളും ഉള്‍പ്പെടുന്നു. മാർജിനില്‍ സീറ്റ് വർദ്ധനവ് വഴി ലഭ്യമാക്കിയ സീറ്റുകള്‍ 11,635 ആണ്. ഇതില്‍ 6,780 സീറ്റുകള്‍ സർക്കാർ മേഖലയിലും 4855 സീറ്റുകള്‍ എയിഡഡ് മേഖലയിലും ആണ്.

പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാൻ ഇത്തവണ നേരത്തെ മന്ത്രിസഭാ തലത്തില്‍ തന്നെ ചർച്ചചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു. ഇതിനുപുറമെ വേറെ ഏതെങ്കിലും സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അപ്പപ്പോള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.