ഓണ്‍ലൈന്‍വഴി 10 ലക്ഷം രൂപ തട്ടിയെടുത്ത ബിഹാര്‍ സ്വദേശി പോലീസ്‌ പിടിയില്‍.

ഓണ്‍ലൈന്‍വഴി 10 ലക്ഷം രൂപ തട്ടിയെടുത്ത ബിഹാര്‍ സ്വദേശി പോലീസ്‌ പിടിയില്‍.
alternatetext

തൊടുപുഴ: ഓണ്‍ലൈന്‍വഴി 10 ലക്ഷം രൂപ തട്ടിയെടുത്ത ബിഹാര്‍ സ്വദേശി പോലീസ്‌ പിടിയില്‍. ഭോജ്‌പൂര്‍ ഖത്തേരി ചര്‍ക്കമ്ബാഗലി സ്വദേശി രേവത്‌ നന്ദനെ (39) യാണ്‌ തൊടുപുഴ പോലീസ്‌ ബിഹാറിലെത്തി പിടികൂടിയത്‌. പെരിമ്ബിള്ളിച്ചിറ സ്വദേശിയായ വ്യാപാരിയാണ്‌ തട്ടിപ്പിനിരയായത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: സെപ്‌റ്റംബര്‍ 25 ന്‌ പെരുമ്ബിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക്‌ യോനോ ആപ്പ്‌വഴി ലോണ്‍ നല്‍കാമെന്നുപറഞ്ഞ്‌ ഒരു എസ്‌.എം.എസ്‌. സന്ദേശം എത്തി. ഇതിലെ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌തപ്പോള്‍ ഒരാള്‍ തിരികെവിളിച്ച്‌ വായ്‌പ അനുവദിച്ചിട്ടുണ്ടെന്ന്‌ അറിയിച്ചു. പിന്നീട്‌ വിളിച്ചയാള്‍ പറഞ്ഞതനുസരിച്ച്‌ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍, ആധാര്‍, പാന്‍കാര്‍ഡ്‌ എന്നിവ കൈമാറി. ഇതുപയോഗിച്ച്‌ ഇവര്‍ യോനോ ആപ്പില്‍ കയറാന്‍ ശ്രമിച്ചു.

ഫോര്‍ഗോട്ട്‌ പാസ്‌വേര്‍ഡ്‌ ഓപ്‌ഷന്‍ കൊടുത്തപ്പോള്‍ പെരുമ്ബിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക്‌ ഒ.ടി.പി. വന്നു. ഇത്‌ ലോണിന്റെ കോഡാണെന്ന്‌ പറഞ്ഞപ്പോള്‍ വ്യാപാരി ഒ.ടി.പി. പറഞ്ഞുകൊടുത്തു. ആ സമയം ആപ്പിന്റെ എം.പിന്‍ തട്ടിപ്പുകാര്‍ മാറ്റുകയും പിന്നീട്‌ മൂന്നുതവണ ഇവര്‍ ഒ.ടി.പി. ചോദിച്ചു വാങ്ങുകയും ചെയ്‌തു. വ്യാപാരിയുടെ ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ പ്ര?ഫൈല്‍ പാസ്‌വേര്‍ഡ്‌ മനസിലായതോടെ പരാതിക്കാരന്റെ അക്കൗണ്ട്‌ തട്ടിപ്പുകാര്‍ കൈക്കലാക്കി രണ്ട്‌ ബെനിഫിഷ്യറി അക്കൗണ്ടുകളും ഇതില്‍ ആഡ്‌ ചെയ്‌തു. വായ്‌പ കുറച്ചുദിവസത്തിനുള്ളില്‍ കിട്ടുമെന്നാണ്‌ തട്ടിപ്പുകാര്‍ അറിയിച്ചത്‌.

ഇതിനിടെ പരാതിക്കാരന്‍ ഒരു സഹകരണ സംഘത്തില്‍നിന്ന്‌ 15 ലക്ഷം രൂപ പിന്‍വലിച്ച്‌ ആ തുക എസ്‌.ബി.ഐ. അക്കൗണ്ടിലേക്ക്‌ മാറ്റി. ഇതു മനസിലാക്കിയ തട്ടിപ്പുകാര്‍ രണ്ട്‌ ബെനിഫിഷ്യറി അക്കൗണ്ടുകള്‍വഴി 10 ലക്ഷം രൂപ ഒക്‌ടോബര്‍ രണ്ടിനും മൂന്നിനുമായി പിന്‍വലിക്കുകയായിരുന്നു. മൂന്നുദിവസംകൊണ്ട്‌ എം.ടി.എം. കാര്‍ഡ്‌ വഴി ഇവര്‍ പണമെടുക്കുകയും ചെയ്‌തു.

തട്ടിപ്പു മനസിലാക്കിയ പരാതിക്കാരന്‍ ബാങ്കുമായി ബന്ധപ്പെട്ട്‌ യോനോ അക്കൗണ്ട്‌ മരവിപ്പിച്ചു. തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കി. പണം പിന്‍വലിച്ച ബെനിഫിഷ്യറി അക്കൗണ്ട്‌ പരിശോധിച്ചാണ്‌ പോലീസ്‌ പ്രതിയിലേക്കെത്തിയത്‌. തൊടുപുഴ എസ്‌.ഐ. പി.കെ.സലിം, എ.എസ്‌.ഐ. ദിലീപ്‌ കുമാര്‍, എസ്‌.സി.പി.ഒ. അനീഷ്‌ ആന്റണി എന്നിവരാണ്‌ ബിഹാറിലെത്തി പ്രതിയെ പിടികൂടിയത്‌. തട്ടിപ്പുസംഘത്തില്‍ ഇനിയും ആളുകളുണ്ടെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌.