ഓണ്‍ലൈൻ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയ നാലുപേരെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈൻ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയ നാലുപേരെ റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
alternatetext

തിരുവനന്തപുരം: എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈൻ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയ നാലുപേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗം റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശികളായ ജ്യോതിഷ് കുമാര്‍, മോഹൻകുമാര്‍, അജിത് കുമാര്‍, റാഞ്ചി സ്വദേശിയായ നീരജ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍, 85 എ.ടി.എം കാര്‍ഡുകള്‍, എട്ട് സിം കാര്‍ഡുകള്‍, ലാപ്ടോപ്, വിവിധ ബാങ്കുകളുടെ ചെക്കുകളും പാസ് ബുക്കുകളും എന്നിവ കൂടാതെ 1.25 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. റാഞ്ചിയിലെ ഉള്‍പ്രദേശത്തെ ഒളിത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. പ്രതികളെ റാഞ്ചി കോടതിയില്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം കോടതിയില്‍ എത്തിക്കും.

സ്നാപ്ഡീല്‍ ഉപഭോക്താക്കള്‍ക്കായി എന്ന പേരില്‍ നടത്തിയ നറുക്കെടുപ്പില്‍ ഒന്നരക്കോടി രൂപ സമ്മാനം ലഭിച്ചതായി വീട്ടമ്മയെ വിശ്വസിപ്പിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. സമ്മാനത്തുക ലഭിക്കുന്നതിനായി സര്‍വിസ് ചാര്‍ജ് എന്നപേരില്‍ പലപ്പോഴായി പ്രതികള്‍ വീട്ടമ്മയില്‍നിന്ന് ഒരുകോടി 12 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കുകയായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ഉടൻ തന്നെ മറ്റ് അക്കൗണ്ടുകളിലൂടെ എ.ടി.എം കാര്‍ഡ് വഴി പിൻവലിക്കുകയും ക്രിപ്റ്റോകറൻസി ആക്കി മാറ്റുകയും ചെയ്തിരുന്നു.