കൊച്ചി: ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക ഡിവിഷന്‍ ബെഞ്ച് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. ജയശങ്കരന്‍ നമ്ബ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് രാവിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത്. റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുള്ള സംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നല്കിയ പൊതുതാല്‍പര്യ ഹര്‍ജി ഉള്‍പ്പെടെ നാല് ഹര്‍ജികളാണ് നിലവില്‍ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
മുമ്ബ്, ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ഡിവിഷന്‍ ബെഞ്ച്, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ നടപടികള്‍ വിലയിരുത്തുന്നതിന് ഒഴിവാക്കിയ പേജുകള്‍ ഉള്‍പ്പെടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ ഗണ്യമായ ഭാഗം പുറത്തുവിടാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സിനിമാ നിര്‍മാതാവ് നല്കിയ അപ്പീലും റിപ്പോര്‍ട്ടില്‍ വിശദമാക്കിയിട്ടുള്ള ലൈംഗികാതിക്രമ സംഭവങ്ങളില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടി ആവശ്യപ്പെട്ടുള്ള നാല് ഹര്‍ജികള്‍ക്കൊപ്പം സ്‌പെഷ്യല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.
മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, കോഴിക്കോട് സ്വദേശി ടി.പി. നന്ദകുമാര്‍, ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, കൊച്ചിയിലെ എ. ജന്നത്ത്, അമൃത പ്രേംജിത്ത് എന്നിവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഇതിനിടെ ചലച്ചിത്ര സംവിധായകന്‍ വി. കെ. പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് സി. എസ്. ഡയസിന്റെ ഹൈക്കോടതി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. വനിതാ തിരക്കഥാകൃത്തിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.