കോതമംഗലം: തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് നെടുങ്കണ്ടത്ത് നിന്നും ആലുവയിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചത്. കോതമംഗലം അയ്യങ്കാവിൽ വെച്ചാണ് അപകടം നടന്നത്.
ഡ്രൈവർ ഇരിക്കുന്ന ഭാഗത്തെ ടയറാണ് ഊരി തെറിച്ചു പോയതെങ്കിലും സമനില കൈവിടാതെ നെടുങ്കണ്ടം ഡിപ്പോ ഡ്രൈവറായ മുരിക്കാശ്ശേരി സ്വദേശി സന്തോഷ് വാഹനം ഒതുക്കി നിർത്തുകയിയിരുന്നു. അവധി ദിനം കഴിഞ്ഞുള്ള ദിവസമായതിനാൽ വാഹനം നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ല.
രാവിലെ വാഹനങ്ങളും കുട്ടികളും ഉൾപ്പെടെ തിരക്കേറിയ സമയമായിട്ടും തെറിച്ചുപോയ ടയർ മൂലമോ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂലമോ മറ്റ് അപകടങ്ങൾ സംഭവിക്കാത്തത് വലിയ ഭാഗ്യം തന്നെയാണ്.