ആശുപത്രിയിലെ നഴ്‌സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി സ്‌മൃതി (20) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. ബന്തിയോട് ഡി എം ആശുപത്രിയിലെ നഴ്‌സാണ് യുവതി. നഴ്‌സുമാർ താമസിക്കുന്ന ആശുപത്രിയുടെ തന്നെ ക്വാർടേഴ്സിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാത്രിയിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതായിരുന്നു യുവതി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയില്‍ വന്നിരുന്നുവെങ്കിലും തിരിച്ച് മുറിയിലേക്ക് പോയി. കൊല്ലത്തുള്ള മാതാവ് വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടർന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള മറ്റൊരു മുറിയില്‍ താമസിക്കുന്ന നഴ്‌സുമാർ ചെന്ന് നോക്കിയപ്പോള്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരൻ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുമ്ബള പൊലീസ് സ്ഥലത്തെത്തി മരണ വിവരം വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ എത്തിയ ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച മാത്രമേ മൃതദേഹം താഴെയിറക്കി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. യുവതി മരിച്ച മുറി പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. സ്‌മൃതി അടക്കം മൂന്ന് നഴ്‌സുമാരാണ് ഇവരുടെ മുറിയില്‍ താമസിക്കുന്നത്. മറ്റ് രണ്ട് നഴ്‌സുമാർ രാവിലെ ജോലിക്ക് പോയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു