കണ്ണൂർ : കണ്ണൂർ നഗരത്തിലെ അർ ഷിത് ജ്വല്ലറിയില്‍ നിന്നും ഏഴര കിലോ വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. ബീഹാർ ഖഗാരിയ സ്വദേശി ധർവേശ് സിംഗിനെ യാണ് കണ്ണൂർ ടൗണ്‍ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും ആസാം അതിർത്തിയില്‍ നിന്നും പിടികൂടിയത്. ഹരിയാനയില്‍ ഉള്‍പ്പെടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കവർച്ചാ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു.
പല കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2022ല്‍ ഇയാള്‍ അർഷിദ് ജ്വല്ലറിയില്‍ നിന്നും വെള്ളിയാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. അന്ന് സി.സി.ടി.വി ക്യാമറകള്‍ തകർത്താണ് രക്ഷപ്പെട്ടത്. 2024ലും ഇതിനു സമാനമായി ഇയാള്‍ ജ്വല്ലറിയില്‍ കയറി വൻ മോഷണം നടത്തുകയായിരുന്നു. ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും ലഭിച്ച ദൃശ്യമാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്.
സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞത് പ്രതിയുടെ ചിത്രം മാത്രമാണെന്നും ഇതുമായി ബന്ധപ്പെട്ടു പൊലിസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതിയെ ബീഹാർ അതിർത്തിയില്‍ നിന്നും പിടി കൂടിയതെന്ന് ശ്രീജിത്ത് കൊടേരി അറിയിച്ചു. ഇയാള്‍ മോഷ്ടിച്ച വെള്ളിയാഭരണങ്ങള്‍ ജ്വല്ലറികളില്‍ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കും.വെള്ളിയാഭരണങ്ങള്‍ മാത്രം വില്‍ക്കുന്ന കടയിലാണ് പ്രതി മോഷണം നടത്തിയിരുന്നതെന്നും പൊലിസ് അറിയിച്ചു.