തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴ തുടരും.നവംബര്‍ നാലുമുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നാണ് അറിയിപ്പ്. കനത്ത മഴയുടെ സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളില്‍ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 5 ഓടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. അതിനാല്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത .