വിജ്ഞാന ആലപ്പുഴ പദ്ധതി: തൊഴില്‍മേള ഫെബ്രുവരി ഒന്നിന്

alternatetext

ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ എസ്.ഡി കോളേജില്‍  ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജില്ലയില്‍ ഇതുവരെ 1.20 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ തൊഴിലന്വേഷകരായി 27,000 ത്തോളം ആളുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് എന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കെ-ഡിസ്‌കുമായി സഹകരിക്കുന്ന വിവിധ തൊഴില്‍ സമാഹരണ ഏജന്‍സികളിലൂടെ നാല്  ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളാണുള്ളത്.

സംസ്ഥാന സര്‍ക്കാര്‍, കേരള നോളജ് ഇക്കോണമി മിഷന്‍(കെ കെ ഇ എം), കെ-ഡിസ്‌ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി  നടപ്പിലാക്കുന്നത്. ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും  തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക, ആവശ്യമെങ്കില്‍ അവരെ നൈപുണ്യ പരിശീലനം നല്‍കി തൊഴിലിലേക്ക് സജ്ജമാക്കുകയും ചെയുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ ജി രാജേശ്വരി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അഭ്യസ്തവിദ്യരായ മുഴുവന്‍ തൊഴിലന്വേഷകരെയും കണ്ടെത്തുകയും ഉചിതമായ തൊഴിലവസരങ്ങളില്‍ അവരെ സജ്ജരാക്കുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം നല്‍കുകയുമടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുമാസത്തിലധികമായി നടന്നു വരുന്നു.
 
ജില്ലയിലെ 12 ബ്ലോക്കുകളിലും ആറു നഗരസഭകളിലും ജോബ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പ്രാദേശികമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് വെള്ളിയാഴ്ച (ജനുവരി 10)  
 ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ കളക്ടറേറ്റിലും 14 ന് എറണാകുളത്തും വിവിധ വ്യവസായ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ജോബ് ഡ്രൈവുകളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. ജനുവരി 14, 15 തീയതികളിലായി ബ്ലോക്കുകളിലെ തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിക്കും. ഇതോടൊപ്പം വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നോര്‍ക്ക, ഒഡേപെക് തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. 

ഫെബ്രുവരി ഒന്നിന് നടക്കുന്ന  മെഗാ തൊഴില്‍മേളയുടെ മുന്നോടിയായി ജനുവരി 16 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് എസ്.ഡി. കോളേജില്‍ സംഘാടക സമിതി രൂപീകരണ യോഗം നടക്കും. ഇതുവരെ ഈ തൊഴില്‍മേളയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുള്ള  സ്ഥാപനങ്ങളിലാകെ മുപ്പതിനായിരത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാണ്. ഇതിന്റെ തുടര്‍ച്ചയായി വരും മാസങ്ങളിലും തൊഴില്‍ മേളകള്‍ നടത്തുമെന്ന് കെ ജി രാജേശ്വരി പറഞ്ഞു.  ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ ഫെബ്രുവരി 1 ന് നടക്കുന്ന തൊഴില്‍മേളയില്‍ ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ആറ്  മാസത്തിനുള്ളില്‍  ജില്ലയിലെ 25000 തൊഴിലന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി ഒന്നാം ഘട്ട തൊഴില്‍മേളയാണ് സംഘടിപ്പിക്കുന്നത്. 
രജിസ്‌ട്രേഷന്‍ നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന്  ഡി ഡബ്ല്യൂ എം എസ്  കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് https:knoweldgemission .kerala .gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി,  സ്ഥിരംസമിതി അംഗം എം വി പ്രിയ,  ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആര്‍ റിയാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സി കെ ഷിബു, കെ ഡിസ്‌ക്  ഫാക്കല്‍റ്റി പ്രിന്‍സ് എബ്രഹാം, കെ കെ ഇ എം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.