തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച അര്‍ധരാത്രി ട്രോളിങ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ തീരദേശത്തിന് ഇനി 52 ദിനങ്ങള്‍ വറുതിയുടെ കാലം. ജൂലൈ 31 അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. പരമ്ബരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് ഈ ദിനങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കതിരെ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
നിരോധനം ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ കോസ്റ്റല്‍ പൊലീസുണ്ടാകും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഊര്‍ജിതപ്പെടുത്തുന്നതടക്കം നടപടി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്.
ട്രോളിങ് നിരോധനം തുടങ്ങുന്നതിനുമുമ്ബ് ഇതര സംസ്ഥാന ബോട്ടുകള്‍ കേരളതീരം വിട്ടുപോകാൻ കലക്ടര്‍മാര്‍ നിർദേശം നല്‍കിയിരുന്നു. കേരളത്തിന്റെ മത്സ്യസമ്ബത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1988ലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുമാസം കനത്ത ചൂടും അശാസ്ത്രീയ മത്സ്യബന്ധനവുംമൂലം മത്സ്യസമ്ബത്ത് തീരെ കുറവായിരുന്നു. ട്രോളിങ് നിരോധന കാലത്ത് മത്സ്യസമ്ബത്ത് വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.