നേര്യമംഗലം: വീടിനു സമീപത്തെ റോഡിലൂടെ നടന്നു വരികയായിരുന്ന വയോധികയുടെ സ്വർണമാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. നേര്യമംഗലം കോളനി പ്രദേശത്ത് ഇടപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മയെന്ന വീട്ടമ്മയുടെ മാലയാണ് ഞായറാഴ്ച രാവിലെ പത്തു മണിയോടെ ഇടുക്കി ഭാഗത്തുനിന്നും ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ സംഘം കവർന്നത്.
ബൈക്ക് നിർത്തി മുന്നിൽ ഇരുന്നയാൾ വീട്ടമ്മയോട് ഒരു വിലാസം ചോദിക്കുന്നതിനിടയിൽ പിന്നിലിരുന്നയാൾ ചെല്ലമ്മയുടെ മാല പൊട്ടിച്ചെടുക്കുകയും ഇരുവരും ബൈക്കിൽ നേര്യമംഗലം ഭാഗത്തേക്കു അതിവേഗം ഓടിച്ചു പോവുകയും ആയിരുന്നു. സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഊന്നുകല്ലിൽ ബൈക്കിലെത്തിയ യുവാവ് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമങ്ങൾ നടത്തി നേരത്തോടു നേരം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നത് പ്രദേശവാസികളെ ഭയപ്പെടുത്തുന്നു.