നെന്മാറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുബൈര്‍ അലിയെ കാണാനില്ലെന്ന് പരാതി. ഇന്ന് ഉച്ചവരെ ഓഫീസില്‍ ഉണ്ടായിരുന്ന ഇദ്ദേഹം സ്വന്തം ഇരിപ്പിടത്തില്‍ എഴുതിവച്ച ആത്മഹത്യക്കുറിപ്പിന്‍റെ രൂപേണയുള്ള കത്ത് കണ്ടെത്തിയതോടെ പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതിനല്‍കുകയായിരുന്നു.
ഫോണില്‍ വിളിച്ച് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുകയാണെന്നും വീട്ടില്‍ എത്തിയിട്ടില്ലെന്നും അറിയിച്ച് മകനും നെന്മാറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായി കഴിഞ്ഞ ദിവസം സുബൈര്‍ അലിക്കെതിരെ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ നെന്മാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് മാനസികമായി തളര്‍ത്തിയിരുന്നു.
കഴിഞ്ഞ നാലിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ സിപിഎം പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങള്‍ സെക്രട്ടറിയെയും അസിസ്റ്റന്‍റ് സെക്രട്ടറിയെയും ഓഫീസ് പ്രവര്‍ത്തിസമയത്ത് ചീത്ത വിളിച്ചതിനെതിരെ ജീവനക്കാര്‍ സമരം നടത്തുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ നടപടികള്‍ മുന്നോട്ടുപോകാത്തതും ഭവനവായ്പ അടക്കമുള്ള വ്യക്തിപരമായ ചില പ്രശ്നങ്ങളും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തല്‍ നെന്മാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.