തിരുവനന്തപുരം :നെല്ല് സംഭരണത്തിനുള്ള നോഡല്‍ ഏജൻസിയായി തുടരാന്‍ സപ്ലൈകോക്ക് മന്ത്രിസഭായോഗം അനുമതി നല്കി. സപ്ലൈകോക്ക് അധിക ധനസഹായം നല്‍കുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതില്‍ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും തമ്മിലുള്ള സാമ്ബത്തിക ക്രമീകരണം തുടരും.
കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിൻ്റെ ക്ലെയിം ഉന്നയിക്കാനും അതിനെത്തുടര്‍ന്നുള്ള സംസ്കരണത്തിനും മുൻവര്‍ഷങ്ങളില്‍ ചെയ്ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടര്‍ന്നും അനുവദിക്കും. കര്‍ഷകര്‍ക്കുള്ള പേയ്മെൻറ് തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം.
സംഭരിച്ച നെല്ലിന് കര്‍ഷകര്‍ക്ക് പിആര്‍എസ് വായ്പ വഴി പണം നല്‍കും. കണ്‍സോര്‍ഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആര് എസ് വായ്പ്പകള്‍ അടയ്ക്കുന്നതിന് സര്‍ക്കാരില്‍ നിന്നും സപ്ലൈകോക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നല്കി.
നെല്ല് സംഭരണത്തിനായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആര്‍എസ് വായ്പകള്‍ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കര്‍ഷകര്‍ക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുവെന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും.
കര്‍ഷകരില്‍ നിന്നും ബാങ്കില്‍ നിന്നും പൂര്‍ണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ നടത്തേണ്ടതും സ്ഥിതിഗതികള്‍ അവലോകനം ചെയ്യേണ്ടതുമാണ്. സപ്ലൈകോയില്‍ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കൃഷി വകുപ്പിന് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.