ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു
alternatetext

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് കെ. തോമസ് എം.എല്‍.എയും സിനിമ-സീരിയല്‍ താരം ഗായത്രി അരുണും ചേര്‍ന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍പേഴ്സണായ ജില്ല കളക്ടര്‍ ഹരിത വി. കുമാറിന് നല്‍കിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിര്‍വഹിച്ചത്.

വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. വള്ളംകളിയെക്കുറിച്ചുള്ള കുട്ടിക്കാല ഓര്‍മകള്‍ ചേര്‍ത്തലക്കാരികൂടിയായ നടി ഗായത്രി പങ്കുവെച്ചു. വള്ളംകളിയുടെ ചിഹ്നം പതിച്ച തൊപ്പി അച്ഛന്‍ കൊണ്ടുവരുന്നതിനായി കുട്ടിക്കാലത്ത് കാത്തിരുന്നിട്ടുണ്ടെന്നും അവര്‍ ഓര്‍ത്തു. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്ബില്‍ പി. ദേവപ്രകാശാണ് (ആര്‍ട്ടിസ്റ്റ് ദേവപ്രകാശ്) ഭാഗ്യചിഹ്നം വരച്ചത്. സമ്മാനത്തുകയായി 5001 രൂപ ലഭിക്കും.

നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തില്‍ നടത്തിയ മത്സരത്തില്‍ 250 ഓളം എന്‍ട്രികളാണ് ലഭിച്ചത്. ചിത്രകാരന്‍മാരായ സതീഷ് വാഴവേലില്‍, സിറിള്‍ ഡോമിനിക്, ടി. ബേബി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തിരഞ്ഞെടുത്തത്.

ചടങ്ങില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടര്‍ സൂരജ് ഷാജി, നഗരസഭ കൗണ്‍സിലര്‍ സിമി ഷാഫി ഖാന്‍, സുവനീര്‍ കമ്മറ്റി കണ്‍വീനറായ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ഇന്‍ഫാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനര്‍ എം.സി. സജീവ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ. നാസര്‍, റോയ് പാലത്ര, എ. കബീര്‍, രമേശന്‍ ചെമ്മാപറമ്ബില്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു