തിരുവനന്തപുരം: സംസ്ഥാനത്തെ 11, 12 ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാഠപുസ്തക പരിഷ്‌കരണ നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ എന്‍സിഇആര്‍ടി തയ്യാറാക്കിയതും കേരള എസ്‌സിഇആര്‍ടി. തയ്യാറാക്കിയതുമായ പാഠപുസ്തകങ്ങളാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഉപയോഗിക്കുന്നത്.
ഇതില്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ 2006 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് പ്രകാരം തയ്യാറാക്കിയതാണ്. 2013 ല്‍ എസ്‌സിഇആര്‍ടി. തയ്യാറാക്കിയ പാഠപുസ്തകങ്ങളും നിലവില്‍ ഉപയോഗിക്കുന്നു. ആദ്യഘട്ടം എസ്‌സിഇആര്‍ടി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കരണമാണ് നടക്കുക (ഭാഷാ വിഷയങ്ങള്‍, ഗാന്ധിയന്‍ സ്റ്റഡീസ്, ആന്ത്രോപോളജി, കമ്ബ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ).
ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തുടക്കം കുറിച്ച് ഈ മാസം തന്നെ വിപുലമായ അക്കാദമിക ശില്‍പശാല എസ്‌സിഇആര്‍ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് മേജര്‍ വിഷയങ്ങള്‍ക്ക് നാല് ദിവസത്തെ പരിശീലനം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായും മൈനര്‍ വിഷയങ്ങളുടെ പരിശീലനം റസിഡന്‍ഷ്യല്‍ രീതിയില്‍ ഇന്നു മുതല്‍ മൂന്ന് ദിവസം വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
ഈ പരിശീലനം കൂടി അവസാനിച്ചാല്‍ ഈ വര്‍ഷം ഒന്നു മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിക്കഴിയും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ പരിശീലനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
2024- 25 അധ്യയന വര്‍ഷം ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ക്ലസ്റ്റര്‍ അധ്യാപക പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്‌സിഇആര്‍ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ് എന്നീ വിദ്യാഭ്യാസ ഏജന്‍സികളുടെ സംയോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ 2024 ജൂണ്‍ 29 ന് സംസ്ഥാനത്ത് സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ക്ലസ്റ്റര്‍ മൊഡ്യൂള്‍ തയ്യാറാക്കുന്നതിനായി ഡയറ്റുകളുടെയും സമഗ്ര ശിക്ഷാ കേരളം ബിആര്‍സികളുടേയും നേതൃത്വത്തില്‍ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് അധ്യാപകര്‍ക്ക് അവധിക്കാല അധ്യാപക പരിശീലനത്തില്‍ പരിചയപ്പെടുത്തിയ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ക്ക് അധിക പിന്തുണ ആവശ്യമായ മേഖലകള്‍ തിരിച്ചറിഞ്ഞ് ഉള്‍പ്പെടുത്തിയിരുന്നു.
കൂടാതെ 2024 ദേശീയ തല സര്‍വ്വേയില്‍ (നാസ്) ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ പരിചയപ്പെടുത്തുന്നതിനും ജൂലായ് മാസത്തിലെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ സെഷനും ക്ലസ്റ്റര്‍ അധ്യാപക പരിശീലന മൊഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2024- 25 അധ്യയന വര്‍ഷം 5 ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനത്തെ തുടര്‍ന്ന് 6 ക്ലസ്റ്റര്‍ അധ്യാപക സംഗമങ്ങളാണ് വിവിധ മേഖലകളെ അടിസ്ഥാനപ്പെടുത്തി അധ്യാപകരെ ശാക്തികരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇതിന്‍ പ്രകാരം 2024 ജൂലായ് 20 നാണ് രണ്ടാമത്തെ ക്ലസ്റ്റര്‍ അധ്യാപക യോഗം നിശ്ചയിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര ശിക്ഷാ കേരളം – സ്റ്റാര്‍സ് പദ്ധതി മുഖേന 2024- 25 വര്‍ഷത്തെ അവധിക്കാല അധ്യാപക സംഗമം സംഘടിപ്പിച്ചു. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കുമുള്ള പരിശീലനം 2024 മെയ് 14 മുതല്‍ മെയ് 25 വരെ തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് സംഘടിപ്പിച്ചത്.
രക്ഷിതാക്കള്‍ക്കും ഇനി പുസ്തകം സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരുമാനിച്ച രക്ഷിതാക്കള്‍ക്കുള്ള പുസ്തകം ഈ മാസം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പുസ്തകം രക്ഷിതാക്കള്‍ക്കായി തയ്യാറാക്കുന്നത്. പ്രീപ്രൈമറി തലം, എല്‍പി – യുപിതലം, ഹൈസ്‌കൂള്‍ തലം, ഹയര്‍ സെക്കണ്ടറി തലം എന്നീ നാല് മേഖലകളിലായാണ് പുസ്തകം തയ്യാറാക്കുന്നത്. കുട്ടികളുടെ ശാരീരിക- മാനസിക വികാസത്തെ സംബന്ധിച്ചും വിദ്യാര്‍ഥി – അധ്യാപക- രക്ഷകര്‍ത്തൃ ബന്ധം വളര്‍ത്തുന്നതിനെ സംബന്ധിച്ചും പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കായുള്ള പരിശീലന പരിപാടി സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.