നവകേരള സദസ്സ് സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നില്ലെന്ന് സര്‍ക്കാര്‍; ഹരജി തീര്‍പ്പാക്കി

നവകേരള സദസ്സ് സുവോളജിക്കല്‍ പാര്‍ക്കില്‍ നടത്തുന്നില്ലെന്ന് സര്‍ക്കാര്‍; ഹരജി തീര്‍പ്പാക്കി
alternatetext

തിരുവനന്തപുരം: തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പരിസരത്ത് നവകേരള സദസ്സ് നടത്തുന്നില്ലെന്നും വേദി മാറ്റിയെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍. പാര്‍ക്കില്‍ പരിപാടി നടത്തുന്നത് ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകൻ ഷാജി ജെ. കോടങ്കണ്ടത്ത് നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്. വിശദീകരണത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി തീര്‍പ്പാക്കി.

പാര്‍ക്കിലെ മൃഗങ്ങള്‍ക്ക് ശല്യമാകുന്ന പ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്നിരിക്കെ അവിടെ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത് തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. സുവോളജിക്കല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളുമായി നേരിട്ടെത്തണമെന്ന് ഡയറക്ടര്‍ക്ക് കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

മൃഗശാലാ പരിസരം പരിപാടിക്കായി അനുവദിച്ചത് എന്തിനെന്ന് വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിക്കവേ കോടതി ആരായുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരം ഹാജരായിരുന്ന മൃഗശാല ഡയറക്ടര്‍ ആര്‍. കീര്‍ത്തി ഇതിന് വിശദീകരണം നല്‍കിയെങ്കിലും പാര്‍ക്കിന്‍റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നിരീക്ഷണം.

മൃഗശാല തൃശൂര്‍ നഗരത്തില്‍നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഘട്ടം ഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പൊതുയോഗങ്ങളും മേളകളും എക്സിബിഷനുകളും മറ്റും ഇവിടെ സംഘടിപ്പിക്കുന്നത് മൃഗങ്ങള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.