സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

rain
alternatetext

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ തുടരുന്നതിനാല്‍ എറണാകുളത്തും കണ്ണൂരിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.

വയനാട്ടില്‍ ഉച്ചയ്ക്കുശേഷം വിവിധ ഇടങ്ങളില്‍ മഴ ശക്തമായതോടെ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളില്‍ തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ മഴ കനക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാല്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.