തലസ്ഥാനത്ത് ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു

തലസ്ഥാനത്ത് ജലവിതരണം ഭാഗികമായി പുനസ്ഥാപിച്ചു
alternatetext

തിരുവനന്തപുരം: നാലു ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി പമ്ബിങ്ങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി.

ഐരാണിമുട്ടം ടാങ്കിലേക്ക് പമ്ബു ചെയ്യാതെ നേരിട്ട് വിതരണ പൈപ്പുകളിലേക്കാണ് പമ്ബു ചെയ്യുന്നത്. പൈപ്പില്‍ ചോര്‍ച്ച ഇല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെ ജലവിതരണം പൂര്‍ണതോതില്‍ ആകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്കുകൂട്ടല്‍.

രാത്രി 10 മണിയോടെയാണ് പൈപ്പുലൈനിന്റെ പണികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പമ്ബിങ്ങ് ആരംഭിക്കാന്‍ അരുവിക്കര പ്ലാന്റിലേക്ക് സൂപ്രണ്ടന്റ് എഞ്ചിനീയര്‍ നിര്‍ദേശം നല്‍കി. ഇന്നലെ വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നായിരുന്നു ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്.

എന്നാല്‍, ഞായറാഴ്ച വൈകീട്ടും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ നാലുദിവസമായി തലസ്ഥാന നഗരത്തില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു.