നാലു ഗുജറാത്ത് ഹൈകോടതി ജഡ്ജിമാരെ സ്ഥലംമാറ്റാനുള്ള കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. രാജ്യത്തെ മറ്റു ഹൈകോടതികളില്‍നിന്നുള്ള ജഡ്ജിമാരുടെ സ്ഥലംമാറ്റ ശിപാര്‍ശ അംഗീകരിച്ചപ്പോഴാണ് ഗുജറാത്ത് ഹൈകോടതിയിലേത് അടക്കം ചില ജഡ്ജിമാരുടെ കാര്യത്തില്‍ മാത്രം കേന്ദ്രം തുടര്‍നടപടി കൈക്കൊള്ളാതിരുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
നവംബര്‍ ഏഴിലെ കൊളീജിയം ശിപാര്‍ശ നടപ്പാക്കാത്തതിനെതിരെ ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷൻ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കൊളീജിയം ശിപാര്‍ശകളില്‍നിന്ന് ‘തെരഞ്ഞെടുത്തുള്ള’ നിയമനം എന്തിനാണെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് ചോദിച്ചു.
അഞ്ചു ജഡ്ജിമാരെ സ്ഥലംമാറ്റിയെങ്കിലും ആറു പേരുടെ സ്ഥലംമാറ്റം നടപ്പാക്കിയില്ല. അതില്‍ നാലു പേരും ഗുജറാത്ത് ഹൈകോടതി ജഡ്ജിമാരാണ്. ഒരാള്‍ ഡല്‍ഹി ഹൈകോടതിയിലും മറ്റൊരാള്‍ അലഹബാദ് ഹൈകോടതിയിലുമാണ്. ഇതൊരു നല്ല സൂചനയല്ല നല്‍കുന്നത്. ഒരു കോടതിയില്‍ പ്രവര്‍ത്തിക്കരുതെന്ന് കൊളീജിയം ആഗ്രഹിച്ച ജഡ്ജിമാര്‍ അവിടെതന്നെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ എന്താണ് സംഭവിക്കുക? ഇതിന്റെ പ്രത്യാഘാതം കേന്ദ്രം മനസ്സിലാക്കണം.
ജഡ്ജി നിയമന ശിപാര്‍ശകളില്‍ എട്ടുപേരെ നിയമിക്കാത്തതും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരെ മറികടന്ന് അവരേക്കാള്‍ സീനിയോറിറ്റി കുറഞ്ഞവരെ കേന്ദ്രം നിയമിച്ച ഘട്ടത്തില്‍ ഗുവാഹതി ഹൈകോടതി ജഡ്ജിയുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചതിനെ സുപ്രീംകോടതി ശ്ലാഘിക്കുകയും ചെയ്തു.