മാവേലിക്കരയിലെ ആറു വയസ്സുകാരി നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് ശ്രീമഹേഷിനെതിരെയുള്ള കുറ്റപത്രം ഡിസംബർ 15ന് കേസ് പരിഗണിക്കുന്ന ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ ബാൽ മുമ്പാകെ വായിച്ചു കേൾപ്പിക്കും.
ആദ്യ ഭാര്യയുടെ മരണശേഷം പുനർ വിവാഹിതനാകുവാനുളള ശ്രീമഹേഷിന്റെ ഉദ്യമത്തിൽ മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് കണ്ട് മകളെ അതിക്രൂരമായി കൊലപ്പെടുത്തി എന്നും പ്രതിയുടെ മാതാവിനെ വധിക്കുവാൻ ശ്രമിച്ചു എന്നുമാണ് പ്രതിക്കെതിരെയുള്ള പ്രോസിക്യൂഷൻ കേസ്.
കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ പ്രതിക്കെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്യുവാൻ കേസ് അന്വേഷിച്ച മാവേലിക്കര പോലിസിന് സാധിച്ചിരുന്നു.കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര ഇൻസ്പെക്ടർ സി. ശ്രീജിത്ത് ഫയൽ ചെയ്ത കുറ്റപത്രത്തിൽ 51 സാക്ഷികളെ ആണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്നും വിസ്തരിക്കുവാൻ ഉദ്ദേശിക്കുന്നത് എന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ പറഞ്ഞു. കേസിൽ തെളിവിലേക്കായി 47 റെക്കോർഡുകളും നക്ഷത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മഴു ഉൾപ്പെടെ 23 തൊണ്ടി സാധനങ്ങളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
കുറ്റപത്രം വായിക്കുന്നതോടെ വിചാരണ നടപടികൾ ആരംഭിക്കുന്ന കേസിലെ സാക്ഷി വിസ്താരം ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റിൽ കഴിഞ്ഞു വരികയാണ്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ , ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.