തലശേരി: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ നാലംഗസംഘം സ്വർണവ്യാപാരിയെ ബന്ദിയാക്കി പണം കവർന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് പുതിയ ബസ് സ്റ്റാൻഡില്‍ എംആർഎ ബേക്കറിക്ക് സമീപമാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയായ സ്വർണ വ്യാപാരി കണ്ണൂരില്‍ സ്വർണാഭരണങ്ങള്‍ നല്കിയ ശേഷം തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആഭരണങ്ങള്‍ നല്‍കുന്നതിനായി തലശേരി പുതിയ ബസ് സ്റ്റാൻഡില്‍ ബസിറങ്ങിയപ്പോഴാണ് അക്രമത്തിനിരയായത്.
ബസിറങ്ങി നടക്കുന്നതിനിടെ രണ്ട് പേർ ചേർന്ന് തോളത്ത് കൈയിട്ട് ബ്രദേഴ്സ് ലൈനിലെ ഇടവഴിയിലേക്ക് ബലമായി കൂട്ടികൊണ്ടുപോവുകയും അവിടെ കാത്തുനിന്ന രണ്ടുപേരും ചേർന്ന് വ്യാപാരിയെ വളയുകയുമായിരുന്നു. ആഭരണം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോള്‍ വ്യാപാരി ചെറുത്തു. ഇതിനിടയിലാണ് സ്വർണം വേണ്ട പണം മതി എന്ന നിർദേശം അക്രമി സംഘം മുന്നോട്ട് വച്ചത്.
വ്യാപാരിയുടെ കൈയില്‍ ഉണ്ടായിരുന്ന 70,000 രൂപ നല്‍കിയെങ്കിലും സംഘം തൃപ്തരായില്ല. തുടർന്ന് വ്യാപാരി നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നു 30,000 രൂപ കൂടി വരുത്തി നല്കിയ ശേഷമാണ് വ്യാപാരിയെ മോചിപ്പിച്ചത്. പോലീസില്‍ പരാതി നല്കിയാല് ഇനി സ്വർണം വില്ക്കാൻ കണ്ണൂർ ജില്ലയിലേക്ക് വരേണ്ടി വരില്ലെന്നും സംഘം വ്യാപാരിക്ക് താക്കീത് നല്കി