ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിന് മുന്നിൽവച്ച് ക്രൂരമായി കൊലപ്പെടുത്തിയ എബിവിപി പ്രവർത്തകൻ വിശാലിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഷെഫീഖ് തന്നോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ പഠിച്ചിരുന്ന ആളാണെന്നും അതുകൊണ്ടുതന്നെ ഷെഫീക്കിനെ കൃത്യമായി തനിക്ക് തിരിച്ചറിയാൻ സാധിക്കുമെന്നും നാലാം സാക്ഷി വിനു ശേഖർ കോടതിയിൽ മൊഴി കൊടുത്തു. കൂടാതെ ലവ് ജിഹാദ് വിരുദ്ധ പ്രവർത്തനങ്ങളിൽ വിശാൽ സജീവമായി ഇടപെട്ടിരുന്നതായി തനിക്ക് അറിവ് ഉണ്ടായിരുന്നു എന്നും സാക്ഷി ക്രോസ് വിസ്താരത്തിൽ പറഞ്ഞു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി പി. പി. പൂജയുടെ മുമ്പാകെയാണ് വിനു ശേഖർ മൊഴി നൽകിയത്.
കേസിലെ പ്രതികൾ കൊലപാതക സംഭവത്തിൽ ഉൾപ്പെട്ടവർ അല്ല എന്നും വിശാൽ മറിഞ്ഞു വീണു ഉണ്ടായ പരിക്ക് ആണ് മരണത്തിന് കാരണമായത് എന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ വിശാലിനെ കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടുകൂടി തന്നെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷിയായ വിനു ശേഖർ കോടതിയിൽ മൊഴി നൽകിയത്. അക്രമത്തിൽ പരിക്കേറ്റ വിശാലിനെ ചെങ്ങന്നൂർ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചത് താനാണ് എന്നും സാക്ഷി കോടതി മുമ്പാകെ മൊഴി കൊടുത്തു. കൂടാതെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ ഉപയോഗിച്ച വാഹനങ്ങളും കോടതിയിൽ സാക്ഷി ഇന്ന് തിരിച്ചറിഞ്ഞു.
കേസിലെ മറ്റൊരു ദൃക്സാക്ഷിയായ രാഹുലിനെ തിങ്കളാഴ്ച വിസ്തരിക്കും.കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.