പത്തനംതിട്ട: മൈലപ്രയില്‍ മോഷണശ്രമത്തിനിടെ വ്യാപാരി കൊല്ലപ്പെട്ടത് ശ്വാസംമുട്ടിയാണെന്നു പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൂക്കും വായും പൊത്തിപ്പിച്ചടിച്ചതോ കഴുത്തില്‍ തുണി മുറുകിയതോ ആകാം മരണകാരണം. മൈലപ്ര പോസ്‌റ്റ് ഓഫീസ് ജങ്‌ഷനിലെ പുതുവേലില്‍ സ്‌റ്റോഴ്‌സ് എന്ന കടയുടെ ഉടമ ജോര്‍ജ് ഉണ്ണൂണ്ണിയെ (73) ശനിയാഴ്‌ച വൈകിട്ട് ആറിനാണ് കടമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരം വൈകിയതിനാല്‍ സംഭവസ്‌ഥലത്തുതന്നെ ബന്തവസില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് ഇന്‍ക്വസ്‌റ്റ് തയാറാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനു കൊണ്ടുപോയത്. കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പോസ്‌റ്റ്‌മോര്‍ട്ടം. ബലപ്രയോഗത്തിനിടെ ജോര്‍ജ് കൊല്ലപ്പെട്ടിരിക്കാമെന്നാണു പോലീസ് കരുതുന്നത്. മൂന്നോ നാലോ പേര്‍ ചേര്‍ന്നാണ് ജോര്‍ജിനെ കൊലപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന ഒമ്ബതു പവന്റെ മാല മോഷ്‌ടിച്ചത്. കടയിലുണ്ടായിരുന്ന പണവും മോഷണം പോയിട്ടുണ്ട്. അതിന്റെ കൃത്യമായ കണക്കില്ല. കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്‌ടാക്കള്‍ അഴിച്ചുകൊണ്ടു പോയി.
ഇന്നലെ കടയ്‌ക്കുള്ളില്‍ നടത്തിയ ശാസ്‌ത്രീയ പരിശോധനയില്‍ വ്യത്യസ്‌തമായ വിരലടയാളങ്ങളും പാദമുദ്രകളും ലഭിച്ചിട്ടുണ്ട്. ഇതാണ് കൊലയാളി സംഘത്തില്‍ മൂന്നോ നാലോ പേരുണ്ടാകാമെന്ന് നിഗമനത്തിലേക്ക് പോലീസ് എത്താന്‍ കാരണം. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. കടയുടെ അകത്തെ മുറിയില്‍ എന്തു സംഭവിച്ചാലും പുറമേ നില്‍ക്കുന്നവര്‍ക്ക് കാണാനോ കേള്‍ക്കാനോ സാധിക്കില്ല. മോഷണസംഘം ജോര്‍ജിനെ ബന്ധനസ്‌ഥനാക്കുന്നതിനു മുന്‍പ് വായില്‍ തുണി തിരുകിയിരിക്കാന്‍ സാധ്യതയുണ്ട്. കൈകാലുകള്‍ ബന്ധിച്ചശേഷം കഴുത്തില്‍ തുണി മുറുക്കിയിരിക്കാനും ഇടയുണ്ട്. ശബ്‌ദം പുറത്തുവരാതിരിക്കാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചപ്പോള്‍ ശ്വാസംമുട്ടി മരിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ശാസ്‌ത്രീയ പരിശോധനാഫലം കൂടി വരികയോ പ്രതികളെ പിടികൂടുകയോ ചെയ്‌താലേ കൊന്നതെങ്ങനെയെന്ന് അറിയാന്‍ സാധിക്കൂ.
ജോര്‍ജ് നേരത്തെ വിദേശത്തായിരുന്നു. അവിടെ കണ്‍സ്‌ട്രക്‌ഷന്‍ വര്‍ക്കിലായിരുന്ന അദ്ദേഹം നാട്ടിലെത്തിയിട്ടും കുറേനാള്‍ നിര്‍മാണ കരാര്‍ജോലികള്‍ ചെയ്‌തു. പിന്നീടാണ് കട ആരംഭിച്ചത്. ഉച്ചയ്‌ക്ക് ഭക്ഷണശേഷം കടയില്‍ അല്‍പ്പനേരം ഉറങ്ങുന്ന ശീലമുണ്ട്. വെയിലടിക്കാതിരിക്കാന്‍ കടയുടെ മുന്നില്‍ നെറ്റ് ഇട്ടിട്ടുണ്ട്. ഉച്ചയ്‌ക്ക് ഇത് താഴ്‌ത്തിയിടുമായിരുന്നു. സംഭവദിവസം 2.30 ന് ഇദ്ദേഹത്തെ കടയില്‍ കണ്ടതായും പറയപ്പെടുന്നു.
രണ്ടു കൈലിയും ഒരു ഷര്‍ട്ട്‌പീസും കൊലയ്‌ക്കുപയോഗിച്ചതായി പോലീസ് പറയുന്നു. പോലിസ് നായ 400 മീറ്റര്‍ അകലെ ആള്‍ത്താമസമില്ലാത്ത വീട്ടിലേക്ക് മണം പിടിച്ച് ഓടിക്കയറി. ഇതര സംസ്‌ഥാന തൊഴിലാളികളെ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ രീതി കണ്ടിട്ട് മലയാളികള്‍തന്നെ ആകാനാണു സാധ്യതയെന്നാണു നിഗമനം. വെട്ടുകത്തി, പിക്കാസ്, തൂമ്ബ, കൂന്താലി, കത്തികള്‍ തുടങ്ങിയവ കടയിലുണ്ടായിട്ടും അതൊന്നും കൊലയ്‌ക്കുപയോഗിക്കാത്തതാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചിരിക്കുന്നത്.
പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജിബു ജോണിന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ച രാത്രിതന്നെ പുനലൂര്‍-മൂവാറ്റുപുഴ സംസ്‌ഥാന പാതയിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ കാര്യമായ സൂചനകളൊന്നുമില്ല. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.