ന്യൂഡല്‍ഹി: ബ്രിട്ടീഷ് കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്ന മൂന്നു ബില്ലുകള്‍ പ്രതിപക്ഷ ഇന്ത്യ മുന്നണി അംഗങ്ങളുടെ അസാന്നിദ്ധ്യത്തില്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചേക്കും. 1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത ബില്‍ ( ബി. എ. എസ് ), 1898ലെ ക്രിമിനല്‍ നടപടിക്രമത്തിന് (സി.ആര്‍.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബില്‍ ( ബി. എൻ. എസ്. എസ് ), 1872 തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ ബില്‍ ( ബി. എസ് ) എന്നിവയാണ് പാസാക്കിയത്.
ബില്ലുകളുടെ ചര്‍ച്ചയ്‌ക്ക് മറുപടി പറഞ്ഞ അമിത് ഷാ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്‌ച പരാമര്‍ശിച്ചില്ല. സുരക്ഷാ വീഴ്ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ടതിന് 95 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്‌തതിലെ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യത്തിന് കാരണമായത്. ഭരണഘടനയുടെ അന്തസത്തയ്‌ക്ക് ചേരുംവിധവും ജനക്ഷേമം കണക്കിലെടുത്തുമാണ് ബില്ലുകള്‍ ആവിഷ്‌കരിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരും. കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് പൗരന്മാരെ മോചിപ്പിക്കും.
പഴയ നിയമങ്ങള്‍ വിദേശ ഭരണം സംരക്ഷിക്കാനായിരുന്നു. പുതിയ ബില്ലുകള്‍ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനാണ്. ആള്‍ക്കൂട്ട കൊലപാതകം കുറ്റമാക്കി. ഭീകരതയ്‌ക്ക് വലിയ ശിക്ഷ ഉറപ്പാക്കി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ വെറുതെ വിടാതിരിക്കാനും വ്യവസ്ഥയുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കുറ്റമല്ല. ബില്ലുകളുമായി ബന്ധപ്പെട്ട് 158 യോഗങ്ങള്‍ നടത്തിയെന്നും താൻ നേരിട്ട് വിശദമായി പരിശോധിച്ചെന്നും അമിത് ഷാ പറഞ്ഞു.