ന്യൂഡല്‍ഹി: മൂന്നുദിവസമായി തുടരുന്ന പേമാരിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഒൻപത് സംസ്ഥാനങ്ങളില്‍ കനത്ത നാശംവിതച്ച് പെയ്യുന്ന മഴയില്‍ ജനജീവിതം ദുസ്സഹമായി. ഇതുവരെ 28പേര്‍ മരിച്ചു. നിരവധി ഇടങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മിന്നല്‍പ്രളയവുമുണ്ടായി. പലയിടങ്ങളിലും നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വാഹനങ്ങള്‍ ഒലിച്ചുപോയി. നിരവധി വിനോദ സഞ്ചാരികള്‍ കുടങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്ത നിവാരണസേനയെ വിന്യസിച്ചു.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ജമ്മുകാശ്‌മീര്‍, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ദുരിതപ്പെയ്ത്. ഹിമാചലില്‍ പ്രളയം വൻനാശം വിതച്ചു. മരണം 20. ഹിമാചലില്‍ വിനോദയാത്രയ്ക്കെത്തി കുടുങ്ങിയ തൃശൂര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളടക്കം 45പേരും സുരക്ഷിതരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.
പ്രധാന ദേശീയപാതകള്‍ അടക്കം 1,300ലധികം റോഡുകള്‍ തകര്‍ന്നു. രവി, ബിയാസ്, സത്‌ലജ്, സ്വാൻ, ചെനാബ് നദികള്‍ കരകവിഞ്ഞൊഴുകുന്നു. മണാലി, കുളു, കിന്നൗര്‍, ചമ്ബ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ടു. മണ്ണും പാറക്കല്ലുകളും വീണ പത്താൻകോട്ട്-ഭാര്‍മൂര്‍ ദേശീയപാത അടച്ചു. ഡല്‍ഹിയില്‍ 1982നു ശേഷമുണ്ടായ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുനാ നദിയില്‍ ജലനിരപ്പ് അപകടനിലയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ച് സാഹചര്യം വിലയിരുത്തി. യമുനയില്‍ വെള്ളം 206 മീറ്റര്‍ കടന്നാലുടൻ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രളയം നാശം വിതച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ പാതകള്‍ തകര്‍ന്നതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്താൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി യോഗം വിളിച്ചു.