മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു
alternatetext

കൊച്ചി: മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ 5.40ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭൗതീകശരീരം രാവിലെ ഒമ്ബതോടെ ആലുവ ചാലക്കലെ വസതിയില്‍ പൊതുദര്‍ശനത്തിന് വക്കും. ഖബറടക്കം ഇന്ന് രാത്രി എട്ടിന് മാറമ്ബിള്ളി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍.

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന തീപ്പൊരി പ്രാസംഗികനായിരുന്ന മുസ്തഫ, യൂത്ത് കോണ്‍ഗ്രസിലൂടെ വളര്‍ന്ന് കോണ്‍ഗ്രസിന്‍റെ നേത്യസ്ഥാനങ്ങളിലെത്തിയായിരുന്നു. 1977 മുതല്‍ 1996 വരെയും പിന്നീട് 2001 മുതല്‍ 2006 വരെയും എം.എല്‍.എ ആയിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹ സമിതിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. 1977ല്‍ ആലുവ മണ്ഡലത്തില്‍ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം.

82, 87, 91, 2001 എന്നീ വര്‍ഷങ്ങളില്‍ നാലു തവണ കുന്നത്തുനാട്ടില്‍ നിന്ന് വിജയിച്ചു. ഇതിനിടെ 1991 മുതല്‍ 1994 വരെ കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ സ്വാധീനശക്തി വര്‍ധിപ്പിച്ച നേതാവാണ് ടി.എച്ച്‌. മുസ്തഫ. 14 വര്‍ഷം എറണാകുളം ഡി.സി.സി. അധ്യക്ഷനായിരുന്നു. കൂടാതെ, കെ.പി.സി.സി ഉപാധ്യക്ഷന്‍റെ ചുമതലയും വഹിച്ചു. എറണാകുളം ജില്ല സഹകരണ ബാങ്ക്, പെരുമ്ബാവൂര്‍ അര്‍ബൻ സഹകരണ ബാങ്ക് അടക്കമുള്ളവയുടെ ഡയറക്ടര്‍ ആയിരുന്നു.

പെരുമ്ബാവൂര്‍ വാഴക്കുളത്തെ പ്രമുഖ കുടുംബാംഗമായിരുന്ന ടി.കെ.എം. ഹൈദ്രോസിന്‍റെയും ഫാത്തിമ ബീവിയുടെയും മകനായി 1941 ഡിസംബറിലാണ് ജനനം. വാഴക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്, പെരുമ്ബാവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പദവികളാണ് ആദ്യം വഹിച്ച പ്രധാന ഭാരവാഹിത്വം. 1962ല്‍ എറണാകുളം ജില്ല യൂത്ത് കോണ്‍സ് ജനറല്‍ സെക്രട്ടറിയായി. 1966ല്‍ ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും 1968ല്‍ ഡി.സി.സി പ്രസിഡന്റുമായി. 1978 മുതല്‍ 83 വരെ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും തുടര്‍ന്ന് 97 വരെ വൈസ് പ്രസിഡന്റുമായി. 1982ലും 84ഉം കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി ഉപ നേതാവായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗമായും ദേശീയ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലുവ മാറമ്ബള്ളിയിലാണ് ടി.എച്ച്‌. മുസ്തഫയുടെ വസതി.