തിരുവനന്തപുരം : എക്‌സാലോജിക്കിനും സി.എം.ആര്‍.എല്ലിനും കെ.എസ്.ഐ.ഡി.സിക്കുമെതിരേ അന്വേഷണം നടത്തുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരേയും അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഉന്നത സ്‌ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണ് പണം നല്‍കാന്‍ കാരണമെന്നാണ് സ്‌റ്റാറ്റ്യൂട്ടറി ബോഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയാണ് ഉന്നത സ്‌ഥാനത്ത് ഇരിക്കുന്നത്. ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രികൂടി കേസില്‍ പ്രതിയാകും.
പക്ഷേ എട്ട് മാസത്തേക്ക് അന്വേഷണ കാലാവധി നിശ്‌ചയിച്ചത് എന്തിനെന്നു മാത്രം വ്യക്‌തമാകുന്നില്ല. എട്ട് മാസം അന്വേഷിക്കേണ്ട എന്ത് വിഷയമാണ് ഇതിലുള്ളതെന്ന് വ്യക്‌തമാകുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്നു കാത്തിരുന്ന് കാണാം. എല്ലാ കേസുകളും ഒത്തുതീര്‍പ്പിലേക്കാണ് എത്തുന്നത്. ഒത്തുതീര്‍പ്പിനുള്ള ഇടനിലക്കാര്‍ ഇപ്പോഴെ ഇറങ്ങിയിട്ടുണ്ട്. ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും.
രാത്രിയാകുമ്ബോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരന്‍. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനായാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യു.ഡി.എഫിനെതിരേ സംസാരിക്കുന്നത്. പിണറായിക്കെതിരേ ഏത് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീര്‍പ്പിലാക്കിക്കൊടുക്കുന്നത് വി. മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍നിന്നു പിണറായി രക്ഷിച്ചു. മുരളീധരന്‍ പകല്‍ ഒന്നും രാത്രിയില്‍ മറ്റൊന്നും പറയുന്ന ആളാണെന്നും അദ്ദേഹം പരിഹസിച്ചു.
ഒരു മാസം മുമ്ബാണ് സ്വകാര്യ സര്‍വകലാശാലകള്‍ പാടില്ലെന്നു സി.പി.എം. കേന്ദ്ര നേതൃത്വം പറഞ്ഞത്. കേന്ദ്ര നേതൃത്വവും ഇടതുമുന്നണിയും സി.പി.എമ്മും അറിയാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് അദ്ദേഹം ചോദിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നത് അവരുടെ പ്രതികരണത്തില്‍ വ്യക്‌തമാണ്. ആരും അറിയാതെ എവിടെ നിന്നാണു സ്വകാര്യ സര്‍വകലാശാല കെട്ടിയിറക്കിയത്.
ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്വകാര്യ സര്‍വകലാശാലയെക്കുറിച്ച് ആലോചന വന്നപ്പോള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി. ശ്രീനിവാസനെ കൊച്ചുമകനാകാന്‍ പ്രായമുള്ള ഒരുത്തനെക്കൊണ്ട് കരണത്തടിപ്പിച്ച പാര്‍ട്ടിയാണ് സി.പി.എം. ടി.പി ശ്രീനിവാസന്റെ കാലില്‍ വീണ് മാപ്പപേക്ഷ നടത്തുകയാണ് സി.പി.എം. ആദ്യം ചെയ്യേണ്ടത്.