മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി.

മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി.
alternatetext

കോട്ടയം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗളിന്റെ നേതൃത്വത്തില്‍ പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പു നിരീക്ഷരായ യുഗല്‍ കിഷോര്‍ പന്ത്, വി. ഹര്‍ഷവര്‍ദ്ധൻ രാജു, ഡി. ലഷ്മികാന്ത, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി, വരണാധികാരി ആര്‍.ഡി.ഒ. വിനോദ് രാജ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എൻ. സുബ്രഹ്‌മണ്യൻ എന്നിവരുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്തി.

രാവിലെ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ സ്‌ട്രോങ് റൂം, കൗണ്ടിങ് സെന്റര്‍, വോട്ടിംഗ് യന്ത്രങ്ങള്‍ നിലവില്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി ക്രമീകരണങ്ങളും സുരക്ഷയും വിലയിരുത്തി. ബസേലിയോസ് കോളജിന്റെ ഓഡിറ്റോറിയമാണ് കൗണ്ടിംഗ് സെന്റര്‍. ഓഡിറ്റോറിയത്തോടു ചേര്‍ന്നുള്ള കോളജ് കെട്ടിടമാണ് സ്‌ട്രോംഗ് റൂം. രണ്ടിടവും സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തിയശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള തിരുവാതുക്കല്‍ എ.പി.ജെ. അബ്ദുള്‍ കലാം ഓഡിറ്റോറിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനയും നിരീക്ഷകര്‍ വിലയിരുത്തി.

കളക്‌ട്രേറ്റിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേറ്റഷൻ ആൻഡ് മീഡിയ മോണിട്ടറിംഗ് സെല്ലും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ കണ്‍ട്രോള്‍ റൂമും നിരീക്ഷകര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നിയോജമണ്ഡലത്തിലെ പുതുപ്പള്ളി പഞ്ചായത്തിലെ പുതുപ്പള്ളി ജോര്‍ജിയൻ പബ്ലിക് സ്്കൂളിലെ പോളിങ് ബൂത്തുകള്‍ നിരീക്ഷകര്‍ സന്ദര്‍ശിച്ചു.

തെരഞ്ഞെടുപ്പില്‍ ലഹരിവസ്തുക്കളും കള്ളപ്പണവും അടക്കമുള്ളവയുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി മണ്ഡലത്തിന്റെ അതിര്‍ത്തികളില്‍ നിയോഗിച്ചിട്ടുള്ള സ്റ്റാറ്റിക് സര്‍വൈലൻസ് ടീമുകളുടെ പ്രവര്‍ത്തനവും നിരീക്ഷകരുടെ സംഘം നേരിട്ടു കണ്ടു വിലയിരുത്തി