കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മ വാർഷികത്തോടനുബന്ധിച്ച് നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്ജലി വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഖങ്ങൾ എന്ന ചിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും വിസ്മയമായി. പ്രശസ്ത ചിത്രകാരനായ രാജീവ് കോയിക്കൽ വരച്ച നൂറോളം ചിത്രങ്ങളാണ് ലൈബ്രറിഹാളിൽ തയ്യാറാക്കിയ ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ചത്. സാധാരണക്കാരായ മനുഷ്യരുടെയും പൊതുപ്രവർത്തകരുടെയും വരയിലൂടെയുള്ള മുഖമെഴുത്ത് പരിചിതമായ ഒരാൾക്കൂട്ടനടുവിൽ നിൽക്കുന്ന പ്രതീതിയുളവാക്കി.
പിടിഎ പ്രസിഡണ്ട് ബൈജു പഴകുളം അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് , പൂർവ വിദ്യാർത്ഥിയും നാടക സിനിമാ സീരിയൽ നടനുമായ അനിൽ നൂറനാട്,തന്റെ സ്കൂൾ ജീവിതത്തില്‍ തനിക്ക് കിട്ടാതെ പോയ ഊഷ്മളമായ ഒരു ദൃശ്യ കാഴ്ചയാണ് തനിക്ക് കിട്ടിയതെന്നും അത് ഇന്നത്തെ കുട്ടികളുടെ ഒരു മഹാഭാഗ്യമാണന്നും സൂചിപ്പിക്കുകയുണ്ടായി. തുടർന്ന് താൻ അഭിനയിച്ചുകൊണ്ടിരുന്ന അന്നം എന്ന നാടകത്തിലെ ഒരു രംഗം ഏകാഭിനയത്തിലൂടെ കുട്ടികൾക്ക് മുന്നിൽ കാഴ്ചവച്ചു.
സ്കൂൾ മാനേജർ പി.ആർ കൃഷ്ണൻ നായർ മുഖ്യാതിഥികളെ മൊമെന്റോ നൽകി പൊന്നാട അണിയിച്ച് ആദരിച്ചു. ഗീതാഞ്ജലി വായനശാല ഇൻ ചാർജ് അധ്യാപകൻ ആർ.സന്തോഷ് ബാബു സ്വാഗതവും മഴമബാലവേദി സെക്രട്ടറി കുമാരി ലക്ഷ്മി രാജ് നന്ദിയും പറഞ്ഞു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ആർ. സജിനി, ഡെപ്യൂട്ടി എച്ച്.എം ജെ.ഹരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.ഷിബുഖാൻ, അധ്യാപകരായ സ്മിതാ.ബി.പിള്ള,എസ്.രാജേഷ് തുടങ്ങിയവർ സംസാരിച്ചു