യാത്രയായി മലയാളത്തിന്റെ എംടി; സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തോടെ നടക്കും

യാത്രയായി മലയാളത്തിന്റെ എംടി; സംസ്‌കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരത്തോടെ നടക്കും
alternatetext

ഇന്നലെ അന്തരിച്ച സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരത്തോടെ നടക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ മാവൂര്‍ റോഡ് ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തില്‍ തുടര്‍ന്ന് പോന്നിരുന്ന ശൈലികളും പ്രത്യേകതകളും തന്റെ മരണാനന്തരവും തുടരണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് എംടി. അതിനാല്‍ തന്നെ പൊതുദര്‍ശനം അടക്കമുള്ള കാര്യങ്ങള്‍ തന്റെ മരണാനന്തരം വേണ്ടെന്ന് അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നതായി കുടുംബം.

അദ്ദേഹത്തിന്റെ തന്റെ നിര്‍ദ്ദേം അനുസരിച്ചാണ് ഇന്ന് കാര്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണി വരെ കോഴിക്കോട്ടെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്നതടക്കമുള്ള കാര്യങ്ങളില്‍ എംടി നേരത്തേ തന്നെ കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൃതദേഹം എവിടെയും പൊതുദര്‍ശനത്തിന് വെക്കരുതെന്നും വിലാപയാത്ര പാടില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുദര്‍ശനം വീട്ടില്‍ മാത്രമാക്കി ചുരുക്കിയത്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് എംടി വിട പറഞ്ഞത്. 91 വയസ്സായിരുന്നു. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതോടെ ആരോഗ്യനില വഷളായി.

യന്ത്ര സഹായമില്ലാതെ ശ്വസിക്കാനാവുന്ന നിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ കിഡ്‌നിയുടെയും ഹൃദയത്തിന്റെയും നില ഇന്നലെ വഷളായി. ഇതോടെ ആരോഗ്യനില കൂടുതല്‍ മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.