തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ കീഴിലുള്ള ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുണ്ട് എന്നും, അതിനെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടുള്ള ഈ തട്ടിപ്പിന്റെ രീതി ഇങ്ങിനെയാണ്. നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് വാട്ട്സാപ്പിൽ ലഭിക്കുന്ന സന്ദേശത്തിൽ ഒരു APK ഫയൽ ഉണ്ടായിരിക്കും.
മെസേജിലൂടെ ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ നിങ്ങളോട് ആവശ്യപ്പെടുകയും, തുടർന്ന് ഇൻസ്റ്റാൾ ചെയ്യുമ്പോൾ SMS അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ OTP സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും സാധിക്കുന്നു. ഇത്തരം മെസ്സേജുകൾ അവഗണിക്കാൻ മുന്നറിയിപ്പ് നൽകുന്ന പോലീസ്, ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടാനും ആവശ്യപ്പെടുന്നു